ബിഗ് ബി അമിതാഭ് ബച്ചന്‍ അവതാരകനായെത്തുന്ന കോന്‍ ബനേഗ ക്രോര്‍പതിയുടെ ‘മിഡ്‌ബ്രെയിന്‍ ആക്ടിവേഷന്‍’ എപ്പിസോഡ് സോണി ടിവിയുടെ എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും പിന്‍വലിച്ചു. യുക്തിവാദിയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റേഷനലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റുമായ മംഗളൂരു സ്വദേശി നരേന്ദ്ര നായക് അമിതാഭ് ബച്ചന് എഴുതിയ തുറന്ന കത്തിനെ തുടര്‍ന്നാണ് നടപടി.
‘സൂപ്പര്‍ പവര്‍’ പോലുള്ള പ്രതിഭാസങ്ങള്‍ അംഗീകരിക്കുന്നത് സാമാന്യബുദ്ധിയുടെ പരിഹാസമാണെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ആര്‍ട്ടിക്കിള്‍ 51എ(എച്ച്) ചൂണ്ടിക്കാട്ടി നായക് കത്തില്‍ പറയുന്നു. അത്തരം ശക്തികള്‍ ഉണ്ടെങ്കില്‍ അത് നൊബേല്‍ പുരസ്കാരത്തിന് അര്‍ഹമാക്കേണ്ടതാണെന്നാണ് നായ്ക്കിന്റെ അഭിപ്രായം.
കാരണം നിലവില്‍ ലഭ്യമായിട്ടുള്ള എല്ലാ വൈദ്യശാസ്ത്ര തത്വങ്ങള്‍ക്കും എതിരാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണടച്ചാലും തനിക്ക് കാര്യങ്ങള്‍ കാണാമെന്ന് ഒരു പെണ്‍കുട്ടി തെളിയിക്കുന്നതാണ് വിവാദ എപ്പിസോഡിലെ ഉള്ളടക്കം. തിങ്കളാഴ്ച ചാനല്‍ അധികൃതരില്‍ നിന്ന് തന്റെ കത്തിന് മറുപടി ലഭിച്ചതായി നായക് പറഞ്ഞു.
“നിങ്ങളുടെ വ്യൂവര്‍ഷിപ്പിന് നന്ദി. പ്രസ്തുത എപ്പിസോഡ് എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും പിന്‍വലിച്ചിരിക്കുന്നു, അതിലെ ദൃശ്യങ്ങള്‍ ഉചിതമായി എഡിറ്റ് ചെയ്‌തിട്ടുണ്ട്. കൂടാതെ ഭാവിയിലെ എല്ലാ എപ്പിസോഡുകള്‍ക്കും കൂടുതല്‍ ജാഗ്രത പുലര്‍ത്താനും ഞങ്ങള്‍ ടീമിനെ ബോധവല്‍ക്കരിച്ചിട്ടുണ്ട്”,എന്നാണ് മറുപടിയില്‍ പറയുന്നത്.