അശ്ലീലചുവയോടെ സംസാരിച്ചത് ചോദ്യംചെയ്ത അയല്‍വാസിയായ വീട്ടമ്മയെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം. നീലംപേരൂര്‍ കൈനടി അടിച്ചിറ വീട്ടില്‍ വാസുദേവന്‍റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലാണ് വിധി. കൈനടി അടിച്ചിറയില്‍ പ്രദീപ്കുമാറിനാണ് (46) ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി -മൂന്ന് ജഡ്ജ് പി.എന്‍. സീത ശിക്ഷിച്ചത്. ഒരുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കഠിനതടവും വീട്ടില്‍ അതിക്രമിച്ചുകയറിയതിന് ഒരുമാസംകൂടി അധിക കഠിനതടവും അനുഭവിക്കണം. കൂറുമാറിയ ബന്ധുക്കളായ മൂന്ന് സാക്ഷികള്‍ക്കെതിരെ കോടതി സ്വമേധയ കേസെടുത്തു. സരസമ്മയുടെ മകന്‍ ഓമനക്കുട്ടന്‍, ഇയാളുടെ ഭാര്യ അജിത, ഭര്‍തൃസഹോദരന്‍ അനിയന്‍ എന്നിവര്‍ക്കെതിരെയാണ് കൂറുമാറി കോടതിയെ കബളിപ്പിച്ചതിനും കള്ളംപറഞ്ഞതിനും കേസെടുത്തത്.
2004 മേയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദീപ്കുമാര്‍ അശ്ലീല ചുവയോടെ നിരന്തരം സംസാരിക്കുന്നത് സരസമ്മ എതിര്‍ത്തിരുന്നു. സംഭവദിവസം വീട്ടിലെത്തിയ പ്രദീപ്കുമാര്‍ ഇത് ആവര്‍ത്തിച്ചു. ഇത് ചോദ്യംചെയ്തതില്‍ പ്രകോപിതനായ പ്രദീപ് കൈയില്‍ കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സരസമ്മയുടെ കഴുത്തിലും കൈയിലും മുഖത്തും വെട്ടി പരിക്കേല്‍പിച്ചു.
ഈസമയം വീട്ടിലുണ്ടായിരുന്ന മകന്‍ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മകനെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞപ്പോള്‍ വീണ്ടും വെട്ടി. തുടര്‍ന്ന് വെട്ടുകത്തി സരസമ്മയുടെ വീട്ടില്‍ ഉപേക്ഷിച്ചശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
സരസമ്മയെ ആശുപത്രിയിലാക്കിയ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എന്നാല്‍, പൊലീസിന് മൊഴി നല്‍കിയ മകന്‍ കോടതിയില്‍ എത്തിയപ്പോള്‍ കൂറുമാറി. ആരാണ് പ്രതിയെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. മരുമകളും ഭര്‍തൃസഹോദരനും ഇക്കാര്യം ആവര്‍ത്തിച്ചു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി. ഗീത ഹാജരായി.