കൂലി വര്‍ധനയടക്കം ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് പ്ലാന്റേഷന് കോര്‍പറേഷനിലെ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. കൂലി വര്‍ധനക്ക് മുന്നോടിയായി പ്രതിദിന കൂലിയില്‍ 80 രൂപയുടെ ഇടക്കാലാശ്വാസ തുക പൂര്‍ണമായും കൂലി വര്‍ധനയുടെ ഭാഗമാക്കുമെന്ന കൃഷി മന്ത്രിയുടെ ഉറപ്പ് മാസങ്ങള്‍ പിന്നിട്ടിട്ടും നടപ്പായില്ല. ദിവസക്കൂലിക്കാരായ തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങളില്‍ കാര്യമായ കുറവ് സംഭവിക്കുകയാണ്.
തന്‍വര്‍ഷത്തെ ബോണസിന്റെ ബാക്കി തുക ഡിസംബര്‍ 31ന് മുമ്ബ് നല്‍കുമെന്ന കോര്‍പറേഷന്റെ രേഖാമൂലമായ ഉത്തരവും നടപ്പാക്കുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ലീവ് വിത്ത് വേജസ്, മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് അടക്കം മെഡിക്കല്‍ ആനുകൂല്യങ്ങള്‍, പ്രൊഡക്ഷന്‍ ഇന്‍സെന്റിവ്, അറ്റന്‍ഡന്‍സ് മോട്ടിവേഷന്‍ അടക്കം വിവിധ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല.
തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങളെ സംബന്ധിച്ച് കൃഷി മന്ത്രിയുമായി സെപ്റ്റംബറില്‍ യൂണിയന് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനുള്ളില്‍ സമഗ്രമായ പാക്കേജ് പ്രഖ്യാപിക്കുമെന്ന വാഗ്ദാനവും മാസങ്ങള്‍ പിന്നിട്ടിട്ടും നടപ്പായില്ല. റബറിന് കഴിഞ്ഞ എട്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില ലഭിക്കുമ്ബോഴും തൊഴിലാളികള്‍ക്ക് ആനുകൂല്യനിഷേധം തുടരുകയാണ്.
ഇടത് സര്‍ക്കാറിന്റെ വഞ്ചനപരമായ നയസമീപനങ്ങളില്‍ സമരം സംഘടിപ്പിക്കാന്‍ പ്ലാന്റേഷന് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി ജില്ല കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് കൊടുമണ്‍ ജി. ഗോപിനാഥന് നായര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍ രാജ്, അങ്ങാടിക്കല്‍ വിജയകുമാര്‍, ആര്. സുകുമാരന്‍ നായര്‍, സജി കെ. സൈമണ്‍, സി.ജി. അജയന്, സജി വകയാര്‍, പി.കെ. സജി തുടങ്ങിയവര്‍ സംസാരിച്ചു.