പാർപ്പിടസമുച്ചയത്തിനകത്ത് തെരുവുപട്ടികൾക്ക് ഭക്ഷണംനൽകിയതിന് താമസക്കാരിക്ക് മാനേജിങ് കമ്മിറ്റി എട്ടുലക്ഷം രൂപ പിഴചുമത്തി. നാല്പതോളം കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന സീ വുഡ്‌സിലെ എൻ.ആർ.ഐ. കോംപ്ലക്സിന്റെ മാനേജിങ് കമ്മിറ്റിയാണ് അൻഷു സിങ്ങിന് പിഴചുമത്തിയത്. ദിവസം 5000 രൂപ എന്നതോതിൽ കണക്കാക്കിയാണ് എട്ടുലക്ഷം രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ഇവർ പറഞ്ഞു.
തെരുവുപട്ടികൾക്ക് കോംപ്ലക്സിനകത്ത് ഭക്ഷണം നൽകുന്നവർക്കെതിരേ നടപടിയെടുക്കണമെന്ന മാനേജിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് മാനേജിങ് കമ്മിറ്റി സെക്രട്ടറി വിനീത ശ്രീനന്ദൻ പറഞ്ഞു. ഭക്ഷണം നൽകുന്നതിനാൽ പാർപ്പിട സമുച്ചയത്തിനകത്ത് തെരുവുപട്ടികൾ പെറ്റുപെരുകുകയാണെന്നും
ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഭീഷണിയാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. രാത്രി പട്ടികൾ കൂട്ടത്തോടെ കുരച്ച് ശല്യമുണ്ടാക്കുന്നതിനാൽ അന്തേവാസികൾക്ക് ഉറങ്ങാൻ കഴിയുന്നില്ല -അവർ കുറ്റപ്പെടുത്തി. അൻഷു സിങ്ങിനുപുറമെ മറ്റൊരു സ്ത്രീക്കും കമ്മിറ്റി ആറുലക്ഷം രൂപ പിഴചുമത്തിയിട്ടുണ്ട്.