രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം നൂറ് കടന്ന സാഹചര്യത്തില്‍, ജനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അനാവശ്യ കൂടിച്ചേരലുകളും, അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, രാജ്യത്തെ 24 ജില്ലകളില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ കൂടുതലാണ്.
അതേസമയം, രാജ്യത്തെ ആകെ പോസിറ്റിവിറ്റി ഒരു ശതമാനത്തില്‍ താഴെ ആയതിനാല്‍ ഈ ജില്ലകളിലെ കണക്ക് ആശങ്കപ്പെടുത്തുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കൊല്ലം, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളാണ് പോസിറ്റിവിറ്റി കൂടുതലുള്ള ജില്ലകളില്‍ മുന്‍പന്തിയിലുള്ളത്.
ഇതിന് പിന്നാലെ, മിസോറാമിലെ ഖൗസാള്‍, സെര്‍ച്ചിപ്പ്, ചമ്ബായി, മമിത്, ഹ്നാഹ്തിയാല്‍, ലുങ്ലെയ്, ഐസ്വാള്‍, ലോങ്ട്ലൈ എന്നീ ജില്ലകളും പട്ടികയില്‍ ഉണ്ട്. രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തുന്നതല്ല. ചില ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ അതാത് സംസ്ഥാനങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ അറിയിച്ചു. യൂറോപ്പില്‍ വൈറസ് വലിയ രീതിയിലാണ് പടരുന്നത്. യുകെയിലെയും ഇന്ത്യയിലെയും സ്ഥിതിഗതികള്‍ താരതമ്യം ചെയ്യുമ്ബോള്‍, നമ്മുടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം കുറവാണെങ്കിലും, ഇത് ആശ്വസിക്കാനുള്ള കാര്യമല്ലെന്നും ഡോ.വി. കെ പോള്‍ അറിയിച്ചു.