കുട്ടിക്കുരങ്ങിനെ നായ്ക്കള്‍ കടിച്ചുകൊന്നതിന് പ്രതികാരമായി 250-ഓളം നായകളെയും നായക്കുട്ടികളെയും കുരങ്ങന്മാർ എറിഞ്ഞ് കൊന്നതായുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വലിയ വാർത്തയായ ഈ സംഭവത്തിലെ ‘പരമ്പര കൊലയാളികളായ’ രണ്ട് കുരങ്ങന്മാരെ കസ്റ്റഡിയിൽ എടുത്തതായി മഹാരാഷ്ട്ര വനംവകുപ്പ് അറിയിച്ചു.
കുരങ്ങിനെ പിടികൂടണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടതോടെയാണ് വനംവകുപ്പ് കേസ് ഏറ്റെടുത്തത്. നായ്ക്കളെ എറിഞ്ഞു കൊന്ന സംഭവത്തിൽ ഉൾപ്പെട്ട രണ്ട് കുരങ്ങന്മാരെ പിടികൂടിയതായി ബീഡ് ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥൻ സച്ചിൻ ഖന്ദ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
പിടികൂടിയ കുരങ്ങന്മാരെ വനത്തിലേക്ക് വിടുന്നതിനായി നാഗ്പൂരിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. നായ്ക്കളും കുരങ്ങുകളും തമ്മിലുള്ള പോരാട്ടത്തിൽ കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത് നായ്ക്കൾക്കാണ്.
ഏതാനും നായ്ക്കൾ ചേർന്ന് ഒരു കുരങ്ങ് കുഞ്ഞിനെ കൊന്നതോടെയാണ് പ്രതികാര കഥ ആരംഭിക്കുന്നത്. നായക്കുട്ടികളെയും നായകളെയും ഉൾപ്പെടെ 250 എണ്ണത്തെയാണ് ഇങ്ങനെ കൊന്നൊടുക്കിയത്. ലാവൽ, മജൽഗാവ് ഗ്രാമങ്ങളിലാണ് ഈ വിചിത്ര സംഭവം ഉണ്ടായത്.