പത്തനംതിട്ട ആനിക്കാട്ട് ചായക്കടയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സ്‌ഫോടനത്തില്‍ ഒരാളുടെ കൈപ്പത്തി അറ്റുപോയതായാണ് വിവരം. ചായക്കട നടത്തുന്നതിനൊപ്പം കടയുടമ കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്നയാളാണ്. ഇയാളുടെ വീടിനോട് ചേര്‍ന്നാണ് ചായക്കട നടത്തുന്നത്. ഇവിടെ സൂക്ഷിച്ച സ്‌ഫോടക വസ്തു പൊട്ടത്തെറിച്ചാണ് അപകടം ഉണ്ടായത്.
പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിരക്കുള്ള സമയമായതുകൊണ്ട് തന്നെ രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കടയിലെ അലമാര ചില്ലുകളും കുപ്പി ഗ്ലാസുകളും സോഡ കുപ്പികളും പൊട്ടിത്തെറിച്ചാണ് കടയില്‍ ഉണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റത് എന്നാണ് പ്രാഥമിക വിവരം. സ്ഥലത്തെത്തിയ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.