കൊളറാഡോ (Colorado) യിൽ നാല് പേരുടെ മരണത്തിനിടയാക്കിയ ആ ട്രാഫിക് അപകടം നടന്നിട്ട് രണ്ട് വർഷത്തിലേറെയായി. എന്നാൽ, ദുരന്തത്തിന് കാരണക്കാരനായ ആൾ ജീവിതകാലം മുഴുവനും ജയിലിലായിരിക്കും എന്ന് ഉറപ്പായതോടെ വേറൊരു തരത്തിലുള്ള പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ് കൊളറാഡോ. ക്യൂബൻ കുടിയേറ്റക്കാരനായ 26 -കാരനായ റോജൽ അഗ്യുലേര-മെഡെറോസാ (Rogel Aguilera-Mederos) യിരുന്നു അപകടത്തിന് കാരണമായ ട്രക്കിന്‍റെ ഡ്രൈവര്‍.
കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം നൽകാമെന്ന് സ്വപ്നം കണ്ടുകൊണ്ട് യുഎസ്സിലേക്ക് വന്നയാളാണ് താനെന്ന് സ്വയം വിശേഷിപ്പിച്ച ചെറുപ്പക്കാരൻ. എന്നാൽ, ആ അപകടം നാലുപേരുടെ മരണത്തിനിടയാക്കി എന്ന് മാത്രമല്ല, ജീവിതകാലം മുഴുവനും മെഡറോസിനെ അഴിക്കകത്താക്കാനും കാരണമായി. 2019 ഏപ്രിലിലാണ് ആ ട്രക്ക് 28 കാറുകളുടെ മേലേക്ക് പതിച്ചത്.
ബ്രേക്ക് തകരാറായിരുന്നതാണ് അപകടത്തിന് കാരണം എന്നാണ് മെഡറോസ് പറഞ്ഞിരുന്നത്. ട്രക്ക് ഡ്രൈവർക്കെതിരെ 27 കുറ്റങ്ങൾ ചുമത്തി 110 വർഷം തടവാണ് അയാൾക്ക് വിധിച്ചത്. എന്നാല്‍, ഇപ്പോൾ, ട്രക്കിംഗ് കമ്മ്യൂണിറ്റി മെഡറോസിന് വിധിച്ച ഈ കനത്ത ശിക്ഷയ്‌ക്കെതിരെ പോരാടുകയാണ്.
ഡ്രൈവർമാർ മെഡെറോസിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയില്‍ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നു. സംസ്ഥാനത്തുടനീളമുള്ള ഡ്രൈവിംഗ് ബഹിഷ്‌കരിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു, കൂടാതെ നാല് മില്ല്യണിലധികം ആളുകളാണ് മെഡറോസിന്റെ ശിക്ഷയിൽ ഇളവ് നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഓൺലൈൻ പെറ്റീഷനില്‍ ഒപ്പുവച്ചിരിക്കുന്നത്.
2019 ഏപ്രിൽ 25 -ന് കൊളറാഡോയിലെ ഡെൻവറിനടുത്തുള്ള ലേക്വുഡിൽ അന്തർസംസ്ഥാന പാത 70 -ലൂടെ തടി കയറ്റിയ 18 വീലർ സെമി ട്രക്ക് ഓടിച്ചുവരികയായിരുന്നു അഗ്വിലേര-മെഡെറോസ്. അന്നയാള്‍ക്ക് 23 വയസായിരുന്നു പ്രായം. ഹൂസ്റ്റൺ ആസ്ഥാനമായുള്ള ട്രക്കിംഗ് കമ്പനിയായ കാസ്റ്റെല്ലാനോ 03 ട്രക്കിംഗ് എൽഎൽസിയിലേക്ക് വേണ്ടിയാണ് തിരക്കുള്ള സമയത്തെ ട്രാഫിക്കിൽ അയാള്‍ വാഹനം ഓടിച്ചു കൊണ്ടിരുന്നത്.
ആ സമയത്ത് ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു എന്ന് പിന്നീട് മെഡറോസ് പറഞ്ഞു. നിരവധി വാഹനങ്ങളുടെ മേലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്. നാലുപേരുടെ മരണത്തിനിടയാക്കിയ വന്‍ സ്ഫോടനത്തിന് ഇത് കാരണമായി. ‘ലേക്ക്വുഡില്‍ നടന്ന ഏറ്റവും വലിയ അപകടങ്ങളിലൊന്ന്’ എന്നാണ് ആ സമയത്ത് പൊലീസ് വക്താവ് പറഞ്ഞത്.
കൊല്ലപ്പെട്ടവരില്‍ ചിലരുടെ മൃതദേഹങ്ങള്‍ മണിക്കൂറുകളുപയോഗിച്ചാണ് പുറത്തെടുത്തത്. സംഭവത്തില്‍ കൊളറാഡോയില്‍ നിന്നുള്ള നാലുപേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്‍തിരുന്നു. അവരെല്ലാം വ്യത്യസ്ത വാഹനങ്ങളില്‍ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.
സംഭവസ്ഥലത്ത് വച്ച് തന്നെ മെഡറോസ് അറസ്റ്റ് ചെയ്യപ്പെട്ടു. നരഹത്യയടക്കം നിരവധി കുറ്റങ്ങള്‍ ചാര്‍ത്തി. 27 ചാര്‍ജ്ജുകളാണ് ഇയാള്‍ക്ക് നേരെ ചാര്‍ത്തപ്പെട്ടത്. ഡിസംബര്‍ 13 -ന് കൊളറാഡോ ജില്ലാ ജയില്‍ ജഡ്‍ജ് ബ്രൂസ് ജോണ്‍സ് മെഡറോസിന് 110 വര്‍ഷത്തെ തടവ് വിധിച്ചു.