Breaking News

ചുമയുടെ സിറപ്പ് അമിതമായി നല്‍കി, കുഞ്ഞ് മരിച്ചു; മൃതദേഹം വെള്ളം നിറച്ച ഡ്രമ്മില്‍ തള്ളി, അമ്മ അറസ്റ്റില്‍

ചുമയുടെ മരുന്ന് അമിതമായി നല്‍കിയതിനെ തുടര്‍ന്ന് ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് 30 വയസുള്ള അമ്മയെ അറസ്റ്റ് ചെയ്തു. മരിച്ചതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം വെള്ളം നിറച്ച ഡ്രമ്മില്‍ തള്ളിയതായി പൊലീസ് പറയുന്നു. താനെ മഹാത്മ ഫൂലെ ചേരിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കേസില്‍ ഞായറാഴ്ചയാണ് കുഞ്ഞിന്റെ അമ്മ ശാന്ത ചവാനെ പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ച്ചയായി ചുമയ്ക്കുന്നത് കണ്ട് കുഞ്ഞിന് ചുമയുടെ സിറപ്പ് അമിതമായി നല്‍കുകയായിരുന്നു. ഇതാകാം മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ഭയന്നുപോയ യുവതി മൃതദേഹം വെള്ളം നിറച്ചുവച്ചിരുന്ന ഡ്രമ്മില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കാണാനില്ല എന്ന് കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിനിടെയാണ് കേസ് തെളിഞ്ഞത്.

ചേരിയ്ക്ക് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ സംശയകരമായി ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ നടത്തിയപ്പോഴാണ് ശനിയാഴ്ച രാവിലെ കുഞ്ഞിനെ ഡ്രമ്മില്‍ നിന്ന് കണ്ടെത്തിയത്. ഉടനെ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അയല്‍വാസികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞ് അസുഖബാധിതനായിരുന്നുവെന്ന കാര്യം പൊലീസ് അറിഞ്ഞത്.

അമ്മയാണ് കുഞ്ഞിനെ ശ്രൂശ്രൂഷിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് അമ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു. വീട്ടുകാര്‍ ശകാരിക്കുമെന്ന് ഭയന്നാണ് യുവതി വ്യാജ പരാതി നല്‍കിയതെന്ന് പൊലീസ് പറയുന്നു. യുവതി കുറ്റസമ്മതം നടത്തി. കുഞ്ഞിന്റെ മരണത്തിന് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …