ഇരുചക്രവാഹന യാത്രക്കാർക്ക് പെട്രോൾ ലിറ്ററിന് 25 രൂപ ഇളവ് അനുവദിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. 2022 ജനുവരി 26 മുതൽ ഇളവ് ലഭിച്ചുതുടങ്ങും. മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പെട്രോൾ, ഡീസൽ വില വർധിച്ച സാഹചര്യത്തിലാണ് നടപടി. ജാര്‍ഖണ്ഡിലെ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം തികയ്ക്കുന്ന ദിവസമാണ് മുഖ്യമന്ത്രി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.
ഹേമന്ദ് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ചേര്‍ന്ന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. രാജ്യത്ത് ഇന്ധന വില അടിക്കടി ഉയരുന്ന സാഹചര്യമാണുണ്ടായിരുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പെട്രോള്‍ വില നൂറ് രൂപ കടന്നിരുന്നു. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ 110 പിന്നിട്ട് കുതിക്കുകയായിരുന്നു വില. ഈ വേളയിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ നികുതിയില്‍ 10 രൂപയും ഡീസല്‍ നികുതിയില്‍ 5 രൂപയും കുറവ് വരുത്തിയത്.
സമാനമായ രീതിയില്‍ എല്ലാ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പാവപ്പെട്ടവരെയാണെന്ന് ഹേമന്ദ് സോറന്‍ ട്വിറ്ററില്‍ കുറിച്ചു. ഇത് കണക്കിലെടുത്ത് ഇരുചക്ര വാഹനങ്ങൾക്ക് ഒരു ലിറ്റർ പെട്രോളിന് 25 രൂപ വീതം സംസ്ഥാന സർക്കാർ ഇളവ് നൽകും- ഹേമന്ദ് സോറന്‍ പറഞ്ഞു. ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.