തൃശൂര്‍ നഗരത്തെ പൈതൃകങ്ങള്‍ കാത്തുസൂക്ഷിച്ചുള്ള ഹൈടെക് സിറ്റി ആക്കാന്‍ കേന്ദ്രസഹായം ലഭ്യമാക്കുന്നതിനായി ഒപ്പമുണ്ടാകുമെന്ന് സുരേഷ് ഗോപി എം.പി. ശക്തനില്‍ ദുബൈ മോഡല്‍ ഹൈടെക് രീതിയിലുള്ള മത്സ്യ- മാംസ മാര്‍ക്കറ്റുകള്‍ നിര്‍മിക്കാന്‍ പദ്ധതി ആവിഷ്കരിച്ചാല്‍ കേന്ദ്ര ഫണ്ടില്‍നിന്ന് തുക ലഭിക്കാന്‍ സമ്മര്‍ദം ചെലുത്താമെന്നും സുരേഷ്ഗോപി മേയര്‍ എം.കെ. വര്‍ഗീസിനെ അറിയിച്ചു. ഹൈടെക് മാതൃക മത്സ്യ മാര്‍ക്കറ്റ് നിര്‍മിക്കാന്‍ ഒരു കോടി രൂപ കൂടി അനുവദിക്കുമെന്നും എം.പി പറഞ്ഞു.
എം.പി ഫണ്ടില്‍ നിന്ന് നല്കുന്ന ഒരു കോടി രൂപ ഉപയോഗിച്ച് കോര്പറേഷന് നടപ്പാക്കുന്ന മാര്‍ക്കറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള സ്ഥലം വെള്ളിയാഴ്ച മേയറും എം.പിയും സന്ദര്‍ശിച്ചിരുന്നു. തുടര്‍ നടപടികള്‍ക്കായി ശനിയാഴ്ച കോര്‍പറേഷനിലെത്തി മേയറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലും എം.പി പങ്കെടുത്തു. ശക്തന് മാര്‍ക്കറ്റിലെ കുടിവെള്ള സ്രോതസ്സ് അത്യാധുനിക രീതിയില്‍ നവീകരിക്കാനാണ് എം.പി നല്കിയ തുക വിനിയോഗിക്കുക.
മേയര്‍ എം.കെ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ വര്‍ഗീസ് കണ്ടംകുളത്തി, പി.കെ. ഷാജന്, സാറാമ്മ റോബ്സണ്, ഷീബ ബാബു, കൗണ്‍സിലര്‍മാരായ പൂര്‍ണിമ സുരേഷ്, ഡോ. വി. ആതിര, രാധിക എന്‍.വി, നിജി കെ.ജി, സിന്ധു ആന്റോ ചാക്കോള, കോര്പറേഷന് സെക്രട്ടറി വിനു സി. കുഞ്ഞപ്പന്, സൂപ്രണ്ടിങ്ങ് എന്‍ജിനീയര്‍ ഷൈബി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്കുമാറും സുരേഷ് ഗോപിയോടൊപ്പമുണ്ടായിരുന്നു.