പുലിക്കുഞ്ഞുങ്ങളെ വച്ച് അമ്മ പുലിയെ പിടികൂടാനുള്ള ശ്രമം വിഫലമായി. കൂടിന് സമീപമെത്തിയ അമ്മ പുലി കുഞ്ഞുങ്ങളില്‍ ഒന്നിനെയും കൊണ്ട് കടന്നുകളഞ്ഞു. കൂട്ടില്‍ കയറാതെ കൈകൊണ്ടാണ് അമ്മപുലി കുഞ്ഞിനെ നീക്കിയെടുത്തത്. തുടര്‍ന്ന് സ്ഥലത്ത് നിന്നും മടങ്ങുകയായിരുന്നു. അവശേഷിച്ച ഒരു കുഞ്ഞിനെ വനംവകുപ്പ് അധികൃതര്‍ തിരികെ കൊണ്ടുപോയി. ഞായാറാഴ്ച ഉച്ചയോടെയാണ് ഉമ്മിനിയില്‍ ജനവാസകേന്ദ്രത്തില്‍ പ്രദേശവാസിയായ മാധവന്റെ ഉടമസ്ഥതയിലുള്ള ആള്‍താമസമില്ലാത്ത കെട്ടിടത്തില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
എന്നാല്‍ അമ്മ പുലിയെ കണ്ടെത്താനായിരുന്നില്ല. കുഞ്ഞുങ്ങളെ കൊണ്ടുപോകാന്‍ അമ്മ പുലി വരുമെന്ന പ്രതീക്ഷയില്‍ വീട്ടുപരിസരത്ത് കൂട് സ്ഥാപിച്ചിരുന്നു. അമ്മ പുലിയെ ആകര്‍ഷിക്കാന്‍ കുട്ടികളെ സൂക്ഷിച്ച കാര്‍ഡ്ബോര്‍ഡ് കൂടും മൂത്രം നനഞ്ഞ തുണിയും ഇട്ടിരുന്നു. മണം പിടിച്ചെത്തുന്ന പുലി കൂട്ടില്‍ അകപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. നേരത്തെ, വീട്ടില്‍ സ്ഥാപിച്ച പുലിക്കൂടിനു സമീപം മൂന്നു തവണ അമ്മ പുലി വന്നതിന്റെ ദൃശ്യങ്ങള്‍ വനംവകുപ്പിന്റെ കാമറയില്‍ പതിഞ്ഞിരുന്നു. ഞായറാഴ്ച രാത്രി 11.04നും 12.05നും പുലര്‍ച്ചെ രണ്ടിനും പുലി എത്തിയെന്നാണു വനം വകുപ്പ് പറയുന്നത്.