Breaking News

ഇത് അസാധാരണ കേസ്; ലൈംഗിക പീഡനത്തിന് ദിലീപ് ക്രിമിനൽ ക്വട്ടേഷൻ നൽകി; നടിയെ ആക്രമിച്ചതിൽ മുഖ്യസൂത്രധാരൻ ദിലീപെന്നും പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. കോടതിയിൽ നടൻ ദിലീപിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ ബോധിപ്പിച്ചു. നടിയെ ആക്രമിച്ച സംഭവത്തിൽ മുഖ്യ സൂത്രധാരൻ ആണ് ദിലീപ് എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്.

നടിയെ ആക്രമിച്ച കേസിലെ സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ ദിലീപിന്റെ ഇടപെടലുണ്ട്. 20 സാക്ഷികളെ കുറുമാറ്റിയത് ദിലീപിന്റെ സ്വാധീനത്താലാണ്. ഈ സാഹചര്യങ്ങൾ എല്ലാം വിലയിരുത്തുമ്പോൾ ആസാധാരണ കേസാണിത്. ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്ന സാഹചര്യം അപൂർവമാണ്. നീതി ന്യായ വ്യവസ്ഥയുടെ തന്നെ ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു സംഭവം എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.

കേസ് ഒരോ ഘട്ടത്തിലും അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നത് അസാധാരണമായ സാഹചര്യമാണ്. ലൈംഗിക പീഡനങ്ങൾക്ക് പ്രതി ക്രിമിനൽ ക്വട്ടേഷൻ നൽകിയെന്നും പ്രോസിക്യൂഷൻ ഉന്നയിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്കാളിത്തം കൂടതൽ തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്ന വെളിപ്പെടുത്തലുകൾ.

ഗൂഢാലോചനയ്ക്ക് സാക്ഷിയായ ആൾ നേരിട്ടെത്തി പോലീസിന് മൊഴിനൽകുകയാണ് ഉണ്ടായത്. സംവിധായകൻ ബാലചന്ദ്രകുമാർ നൽകി ശബ്ദരേഖ പരിശോധയ്ക്ക് അയക്കണം. നിയമത്തിന്റെ പിടിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ സകലശ്രമങ്ങളും ദിലീപ് നടത്തുകയാണെന്നും ഈ സാഹചര്യത്തിൽ ദിലീപിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ അനുമതി നൽകണം എന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …