Breaking News

കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ഖേദപ്രകടനം എങ്ങനെയാണ് നീതിയാകുന്നത്; പിങ്ക് പോലീസിന്റെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് എട്ടുവയസുകാരിയുടെ പിതാവ്

മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസുകാരിയേയും പിതാവിനേയും പരസ്യവിചാരണ ചെയ്ത പിങ്ക് പോലീസ് ഉദ്യോഗസ്ഥ ഖേദപ്രകടനവുമായി രംഗത്ത്. കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് ഇവർ മാപ്പ് പറയാൻ തയ്യാറായത്. എന്നാൽ പോലീസ് ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് കുട്ടിയുടെ അച്ഛൻ ജി ജയചന്ദ്രൻ പ്രതികരിച്ചു.

കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും തങ്ങൾക്ക് നീതിയാണ് വേണ്ടതെന്നും അദ്ദേഹം സ്വകാര്യമാധ്യമത്തോട് പറഞ്ഞു. സംഭവം നടന്ന പിറ്റേദിവസം മുതൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും വരെ പരാതി നൽകിയിട്ടും തങ്ങൾക്ക് നീതി കിട്ടിയിട്ടില്ലെന്നും കോടതിയെ വിശ്വാസത്തിലെടുത്താണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. അവർ കുറ്റക്കാരിയാണെന്ന് അവർക്ക് തന്നെ ബോധ്യപ്പെട്ടതിനാലാണ് മാപ്പ് പറഞ്ഞത്.

എന്നാൽ, മാപ്പ് പറഞ്ഞാൽ എങ്ങനെയാണ് നീതിയാകുന്നത്. തങ്ങൾക്ക് നീതിയാണ് വേണ്ടത്. ഇതുവരെ ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും ജയചന്ദ്രൻ പറഞ്ഞു. സംഭവം നടന്ന് നാല് മാസം കഴിഞ്ഞാണ് മാപ്പുമായി വന്നിരിക്കുന്നത്. കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഈ ഖേദപ്രകടനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥ മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിരുന്നു. പെൺകുട്ടിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായി ഉദ്യോഗസ്ഥ കോടതിയെ അറയിച്ചു. തനിക്ക് മൂന്ന് കുട്ടികളുണ്ടെന്നും കുടുംബത്തിന്റെ സംരക്ഷണച്ചുമതല തനിക്കാണെന്നും അവർ കോടതിയിൽ പറഞ്ഞു.

ക്ഷമാപണം സ്വാഗതാർഹമെന്ന് അറിയിച്ച കോടതി സ്വീകരിക്കണോയെന്ന് കുട്ടിക്കും രക്ഷിതാക്കൾക്കും തീരുമാനിക്കാമെന്നാണ് നിർദേശിച്ചത്. കേസിൽ പോലീസിനെതിരെയും കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. കാക്കിയെ സംരക്ഷിക്കാൻ കാക്കിക്കുള്ള വ്യഗ്രതയാണ്

ഉദ്യോഗസ്ഥയെ വെള്ളപൂശിയുള്ള പോലീസ് റിപ്പോർട്ടിലുള്ളതെന്ന് കോടതി പറഞ്ഞു. പലകേസുകളിലും ഇത് കാണുന്നു. യൂണിഫോമിട്ടാൽ എന്തും ചെയ്യാമോ? കുട്ടിക്കായി സർക്കാർ എന്തുചെയ്യുമെന്ന് കോടതി ചോദിച്ചു. നടപടി ഇല്ലെങ്കിൽ ഇടപെടുമെന്ന് കോടതി മുന്നറിയിപ്പും നൽകി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …