കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ഹൈകോടതി കുറ്റവിമുക്തരാക്കിയെങ്കിലും തടിയന്റവിട നസീറിനും ഷഫാസിനും ജയില്‍മോചിതരാകാന്‍ കഴിയില്ല. 2013ല്‍ വിചാരണ പൂര്‍ത്തിയാക്കി വിധിപറഞ്ഞ കശ്മീര്‍ റിക്രൂട്മെന്റ് കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതാണ് ഇവര്‍ക്ക് ജയില്‍മോചനത്തിന് തടസ്സമായുള്ളത്. ഈ കേസിലെ മൂന്നും അഞ്ചും പ്രതികളായാണ് ഇവര്‍ വിചാരണ നേരിട്ടത്. അന്ന് വിധി പറഞ്ഞപ്പോള്‍ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എസ്. വിജയകുമാര്‍ ഇരുവരുടെയും ശിക്ഷ കാലാവധി
തുടങ്ങുന്നതിന് പരിധി നിശ്ചയിച്ചതും പുറത്തിറങ്ങലിന് തടസ്സമാണ്. കോഴിക്കോട് സ്ഫോടനക്കേസിലെ ശിക്ഷ കാലാവധി പൂര്‍ത്തിയായശേഷമേ കശ്മീര്‍ റിക്രൂട്മെന്റ് കേസില്‍ ശിക്ഷ തുടങ്ങാവൂ എന്നായിരുന്നു വ്യവസ്ഥ. ഇതോടെ കശ്മീര്‍ കേസിലെ ഇവരുടെ ശിക്ഷ ഇനി തുടങ്ങുകയേയുള്ളൂ. കളമശ്ശേരി ബസ് കത്തിക്കല്‍, ബംഗളൂരു സ്ഫോടനക്കേസുകളില്‍ വിചാരണ തടവുകാരനുമാണ് നസീര്‍. ഈ രണ്ട് കേസിലും ഇയാളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല. ബസ് കത്തിക്കല്‍ കേസിലെ ഒന്നാം പ്രതിയാണ് നസീര്‍.