ഓഹരി വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫേസ്ബുക്ക് മെറ്റ. വ്യാഴാഴ്ച 240 ബില്യൺ യുഎസ് ഡോളറാണ് (18 ലക്ഷം കോടി) കമ്പനിയുടെ വിപണി മൂല്യത്തിൽനിന്ന് നഷ്ടമായത്. നിക്ഷേപകർ കൂട്ടമായി പിൻവലിഞ്ഞതോടെ മെറ്റയുടെ ഓഹരിയിൽ 26.4% നഷ്ടം രേഖപ്പെടുത്തി. 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളിലും (ഫേസ്ബുക്ക് ഡെയ്‌ലി ആക്ടീവ് യൂസേഴ്‌സ്-ഡിഎയു) കുറവു രേഖപ്പെടുത്തി.
ഇതാണ് ഓഹരി വിപണിയില്‍ പ്രധാനമായും പ്രതിഫലിച്ചത്. വിപണിയിലെ തിരിച്ചടിയോടെ കമ്പനി സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ വ്യക്തിഗത ആസ്തിയിൽ 31 ബില്യൺ ഡോളറിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. (വടക്കൻ യൂറോപ്യൻ രാഷ്ട്രമായ എസ്‌തോണിയയുടെ വാർഷിക ജിഡിപിയുടെ അത്രയും വരുമിത്). ഇത്രയും തുക നഷ്ടമായിട്ടും ഫോബ്‌സിന്റെ കണക്കു പ്രകാരം 90 ബില്യൺ ഡോളറാണ് സക്കർബർഗിന്റെ ആസ്തി.
മെറ്റയിലെ 13 ശതമാനം ഓഹരിയാണ് ഇദ്ദേഹത്തിന്‍റെ കൈവശമുള്ളത്. ഈയിടെയാണ് ഫേസ്ബുക്ക് മെറ്റയായി റീബ്രാൻഡ് ചെയ്യപ്പെട്ടത്. ഡിസംബറിൽ അവസാനിച്ച ത്രൈമാസ പാദത്തിൽ 1.929 ബില്യൺ ഉപഭോക്താക്കളാണ് ഫേസ്ബുക്കിന്റെ ഡിഎയു. മുൻപാദത്തിൽ ഇത് 1.930 ബില്യണായിരുന്നു. ആദ്യമായാണ് സോഷ്യൽ നെറ്റ്‌വർക്ക് ഭീമന്റെ വളർച്ച താഴോട്ടു പോകുന്നത്.
ഡാറ്റ ഉപഭോഗത്തിൽ ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ എതിരാളികളിൽ നിന്നും വൻ ഭീഷണിയാണ് ഫേസ്ബുക്ക് നേരിടുന്നത്. വരുമാനത്തിലും കുറവു രേഖപ്പെടുത്തി. പരസ്യദാതാക്കൾ ചെലവഴിക്കൽ വെട്ടിക്കുറച്ചാണ് വരുമാനത്തിൽ പ്രതിഫലിച്ചത്. ഉപഭോക്താക്കൾ, പ്രത്യേകിച്ചും യുവാക്കൾ എതിരാളികളായ മാധ്യമങ്ങളിലേക്ക് ചേക്കേറിയതാണ് വളർച്ചയെ ബാധിച്ചതെന്ന് സക്കർബർഗ് പറഞ്ഞു.