വര്‍ഷങ്ങളായി സാഹസിക മലകയറ്റത്തിന് പലരും തിരഞ്ഞെടുക്കുന്ന ചെറാട് കുമ്ബാച്ചിമലയില്‍ അപകടം ഇതാദ്യമല്ല. മുന്‍പ് ട്രെക്കിങ്ങിനു പോയ രണ്ടു വിദ്യാര്‍ഥികള്‍ ഇവിടെ മലയില്‍ നിന്ന് വീണു മരിച്ചിട്ടുണ്ട്. പത്തുവര്‍ഷം മുന്‍പ് അകത്തേത്തറ എന്‍എസ്‌എസ് എന്‍ജിനീയറിങ് കോളജില്‍ നിന്നു ട്രെക്കിങ്ങിനുപോയ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാള്‍ മലയില്‍ നിന്നു വഴുതിവീണു മരിച്ചതായി കോളജ് മുന്‍ അധ്യാപകനും എന്‍ജിനീയറിങ് വിദഗ്ധനുമായ പ്രഫ. ശ്രീമഹാദേവന്‍പിളള ഓര്‍മിക്കുന്നു.
ഇതില്‍ രണ്ടാമത്തെ വിദ്യാര്‍ഥി വീഴ്ചയ്ക്കിടെ മരത്തില്‍ തങ്ങിയാണ് രക്ഷപ്പെട്ടത്. പിന്നീട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ട്രെക്കിങ്ങിനു പോകുമ്ബോള്‍ കൃത്യമായ നിര്‍ദേശം നല്‍കുമായിരുന്നു. കുറഞ്ഞത് ദിശ കൃത്യമായി അറിഞ്ഞു നീങ്ങാനുള്ള കോംപസെങ്കിലും കരുതണം. കുത്തനെയുളള ഭാഗത്ത് അടിതെറ്റിയാല്‍ അപകടം ഉറപ്പാണ്. മലയുടെ കിടപ്പറിഞ്ഞ് കരുതലോടെ മാത്രം കയറണമെന്നും കുഴപ്പം മലയ്ക്കല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ബേബിജോണ്‍(22) ആണ് ട്രെക്കിങ്ങിനിടെ മലയിലെ കൊക്കയില്‍ വീണുമരിച്ച മറ്റൊരു വിദ്യാര്‍ഥി. 2003 മേയ് 16 ന് സുഹൃത്തുക്കളുമായി ട്രെക്കിങ്ങിനു പോയതായിരുന്നു തിരുവനന്തപുരം ലോ കോളജ് വിദ്യാര്‍ഥിയായ ബേബിജോണ്‍. അവശനായ കൂട്ടുകാരന്‍ കണ്ണനെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി. എന്‍ജിനീയറിങ് കോളജിലെ ഒരു ജീവനക്കാരനും മലയില്‍ കുടുങ്ങി മരണാസന്നനായെങ്കിലും പിന്നീട് രക്ഷപ്പെടുത്തി.