കൊല്ലം റൂറല്‍ ജില്ലയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശാസ്താംകോട്ട ഡിബി കോളജിലെ സംഘര്‍ഷം ക്യാമ്ബസിന് പുറത്തേക്കും വ്യാപിച്ചതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനങ്ങള്‍ കൂട്ടം കൂടുകയോ നിയമലംഘനം നടത്തുകയോ ചെയ്യരുത്. സംഘര്‍ഷമോ പൊതുമുതല്‍ നശിപ്പിക്കലോ ഉണ്ടായാല്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേരള പൊലീസ് ആക്‌ട് 2011 വകുപ്പ് 79 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലിലധികം ആളുകള്‍ പൊലീസ് ജില്ലാ പരിധിയില്‍ കൂട്ടംകൂടുന്നതിന് വിലക്കുണ്ട്. കൂടാതെ രാഷ്ട്രീയ യോഗങ്ങള്‍, പ്രകടനങ്ങള്‍, സമാധാനലംഘനത്തിനു കാരണമാകുന്ന പ്രവൃത്തികള്‍ എന്നിവയും തിങ്കളാഴ്ച രാവിലെ 11 വരെ നിരോധിച്ചു. അതേസമയം മതപരമായ ചടങ്ങുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.
സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലയുടെ വിവിധഭാഗങ്ങളില്‍ രാഷ്ട്രീയസംഘടനകള്‍ യോഗങ്ങളും പ്രകടനങ്ങളും നിശ്ചയിച്ചിരുന്നു. ഇത്തരം പരിപാടികളില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളികള്‍, അക്രമങ്ങള്‍, പൊതുജനങ്ങള്‍ക്ക് കഷ്ടനഷ്ടങ്ങള്‍ വരുത്തല്‍ എന്നിവ ഉണ്ടാകാന്‍ ഇടയുള്ളതിനാലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്ന് എസ്പി കെ.ബി.രവി പറഞ്ഞു.