ഭൂഗുരുത്വനിയമം കണ്ടെത്താന്‍ ഐസക് ന്യൂട്ടന് പ്രേരണയായ ആപ്പിള്‍ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന് കടപുഴകി വീണു. വെള്ളിയാഴ്ച വീശിയടിച്ച ശക്തമായ യൂണിഷ് കൊടുങ്കാറ്റാണ് മരത്തെ നിലംപതിപ്പിച്ചത്. ലണ്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ പരിപാലിച്ച് വന്നിരുന്ന ആപ്പിള്‍ മരത്തിന്റെ ക്ലോണ്‍ ചെയ്ത മരമാണ് കടപുഴകി വീണത്. 1954-ല്‍ നട്ട മരം കഴിഞ്ഞ 68 വര്‍ഷമായി സര്‍വകലാശാലയിലെ സസ്യോദ്യാനത്തില്‍ പരിപാലിച്ച് വരികയായിരുന്നു.
കടപുഴകി വീണ ആപ്പിള്‍ മരത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. ആപ്പിള്‍മരത്തില്‍ ഉണ്ടായിരുന്ന ഹണി ഫംഗസ് ബാധ പ്രതികൂലമായി ബാധിച്ചെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുള്‍പ്പെടെ മൂന്നുമരങ്ങളാണ് ഐസക് ന്യൂട്ടന്റെ ആപ്പിള്‍ മരത്തിന്റെ ജനിതക പകര്‍പ്പായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. മരം നശിക്കാന്‍ ഇടയായ സംഭവം ദുഃഖകരമാണെന്നും ന്യൂട്ടന്റെ ആപ്പിള്‍ മരങ്ങളുടെ കൂടുതല്‍ ജനിതക പകര്‍പ്പുകള്‍ നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.