Breaking News

ബസില്ലാത്തത് കാരണം വിഷമിച്ച കുട്ടികൾക്ക് പെട്ടി ഓട്ടോയിൽ ലിഫ്റ്റ് കൊടുത്തു; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡിയുടെ നോട്ടീസ്, ക്രൂരതയെന്ന് നാട്ടുകാർ

സ്‌കൂൾ തുറന്ന ദിനത്തിൽ സ്‌കൂളിൽ പോകാൻ ബസില്ലാതെ വിഷമിച്ച് നിന്ന കുട്ടികളെ സൗജന്യമായി പെട്ടി ഓട്ടോയിൽ കയറ്റി സ്‌കൂളിലെത്തിച്ച ഡ്രൈവർക്ക് നോട്ടീസ്. വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും കുട്ടികളെ കയറ്റി യാത്രചെയ്തതിന് പിഴ ഈടാക്കാനും ജോയന്റ് റീജനൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉത്തരവിട്ടിരിക്കുകയാണ്.

അതേസമയം, കെഎസ്ആർടിസി ബസില്ലാത്തതിനാൽ രക്ഷകനായ ഓട്ടോ ഡ്രൈവർക്ക് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസച്ചത് ക്രൂരതയാണെന്ന് നാട്ടുകാർ പറയുന്നു. കുട്ടികളെ സഹായിക്കാൻ മുന്നോട്ടുവന്ന പെട്ടിഓട്ടോ ഡ്രൈവർ ബാലരാമപുരം പൂതംകോട് സ്വദേശി ഹാജയാണ് നിയമക്കുരുക്കിൽ പെട്ടത്. സ്‌കൂൾ തുറന്ന തിങ്കളാഴ്ച ബാലരാമപുരം വഴിമുക്ക് ജംക്ഷനിൽ ബസ് കിട്ടാതെ മണിക്കൂറുകൾ വഴിയിൽ അകപ്പെട്ട വിദ്യാർത്ഥികളെ നാട്ടുകാർ ഇടപെട്ട് സ്വകാര്യ,

പൊതുവാഹനങ്ങളിൽ കയറ്റി സ്‌കൂളിലേക്ക് വിടുന്നതിനിടെയാണ് ഹാജയുടെ ഓട്ടോ അവിടെയെത്തുന്നതും നാട്ടുകാർ തന്നെ കുട്ടികളെ അതിൽ കയറ്റിവിടുന്നതും. പിന്നീട്, കുട്ടികളുടെ ഈ യാത്ര പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ വാർത്തയാവുകയും പ്രചാരം നേടുകയും ചെയ്തതോടെയാണ് വകുപ്പിന്റെ പ്രതികാരനടപടിയെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ രാവിലെ ബാലരാമപുരം വഴിമുക്കിൽ നെയ്യാറ്റിൻകര ജോയിന്റ് ആർടിഒയുടെ

നേതൃത്വത്തിൽ പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് വാഹനം കണ്ടെത്തിയാണ് പിടിച്ചെടുത്തത്. അതേസമയം, സ്‌കൂൾ തുറന്ന മൂന്നാം ദിവസമായ ഇന്നലെയും സ്‌കൂളിലെത്താൻ ബസില്ലാത്തതിനാൽ കുട്ടികൾ വിഷമിച്ചു. വൈകിട്ടും വീടുകളിലെത്താനും കുട്ടികൾക്ക് പ്രയാസമാണ്. ഇതിന് പരിഹാരം കാണാതെ ഓട്ടോ ഡ്രൈവർക്കു നേരെ പ്രതികാര നടപടി എടുത്ത് മുഖം രക്ഷിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …