രാഷ്ട്രീയ എതിരാളികൾ തന്റെ മരണത്തിന് വേണ്ടി കാശിയിൽ പ്രാർത്ഥനകൾ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വാരണാസിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോഡിയുടെ പരാമർശം. രാഷ്ട്രീയ എതിരാളികൾ എത്രത്തോളം അധഃപതിച്ചുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനും മുമ്പ് കഴിഞ്ഞ വർഷം വാരണാസിയിൽ ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികൾ ബിജെപി സംഘടിപ്പിച്ചിരുന്നു.
പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളെക്കുറിച്ച് ചോദിച്ചപ്പോൾ പരിഹാസം കലർന്ന മറുപടിയായിരുന്നു അഖിലേഷ് യാദവ് നൽകിയത്. ‘ഒരു മാസം മാത്രമല്ല, രണ്ടോ മൂന്നോ മാസം അദ്ദേഹം അവിടെ തുടരട്ടെ, ആളുകൾ അവരുടെ അവസാന ദിനങ്ങൾ വാരാണസിയിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നു’, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കാശി എന്ന് അറിയപ്പെടുന്ന ബനാറസിൽ വെച്ച് മരിക്കുന്നത് നല്ലതാണെന്നാണ് ഹിന്ദു വിശ്വാസം. ഇതിനെ സൂചിപ്പിച്ചായിരുന്നു അഖിലേഷിന്റെ പ്രതികരണം. ഇതിനായിരുന്നു മോഡി മറുപടി നൽകിയത്. എന്റെ മരണത്തിനുവേണ്ടി ചിലർ പരസ്യമായി ആശംസകൾ അറിയിച്ചു. എന്നാൽ തനിക്ക് ആഹ്ലാദമാണ് അനുഭവപ്പെട്ടത്.
കാശിയിലെ ജനങ്ങൾക്ക് താൻ എത്ര പ്രിയപ്പെട്ടതാണെന്ന് എതിരാളികൾ പോലും തിരിച്ചറിഞ്ഞു. അതിന്റെ അർഥം മരണംവരെ താൻ കാശിയെ ഉപേക്ഷിക്കുകയോ കാശിയിലെ ജനങ്ങൾ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നാണെന്നും മോഡി പറഞ്ഞു.