Breaking News

അന്ധയാക്കാനായി വൃദ്ധയുടെ കണ്ണിലൊഴിച്ചത് ഹാര്‍പിക്, വേലക്കാരി മോഷണത്തിനെത്തിയത് ഏഴുവയസുകാരി മകള്‍ക്കൊപ്പം, കവര്‍ന്നത് ലക്ഷങ്ങളുടെ സ്വര്‍ണം

വൃദ്ധയുടെ കണ്ണില്‍ ഹാര്‍പിക് ഒഴിച്ച്‌ അന്ധയാക്കിയശേഷം വീടുകൊള്ളയടിച്ച ജോലിക്കാരിയെ പൊലീസ് അറസ്റ്റുചെയ്തു. സെക്കന്ദരാബാദിലെ നചരാം കോംപ്ലക്സിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 73കാരിയായ ഹേമാവതിയാണ് വേലക്കാരിയുടെ ക്രൂരതയ്ക്കിരയായത്. പണവും സ്വര്‍ണവുമാണ് പ്രധാനമായും നഷ്ടപ്പെട്ടത്. ഹേമാവതിയുടെ മകന്‍ വര്‍ഷങ്ങളായി ലണ്ടനിലാണ് താമസം.

ഇതിനെത്തുടര്‍ന്നാണ് 32കാരിയായ ഭാര്‍ഗവിയെ അമ്മയെ നോക്കാനും വീട്ടുജോലിചെയ്യാനുമായി നിയമിച്ചത്. ഇതോടെ ഭാര്‍ഗവി ഏഴുവയസുകാരിയായ മകള്‍ക്കൊപ്പം ഹേമാവതിയുടെ ഫ്ളാറ്റിലേക്ക് താമസം മാറ്റി. ഫ്ളാറ്റില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ ഭാര്‍ഗവി അവ അടിച്ചുമാറ്റാന്‍ അവസരം പാര്‍ത്തിരുന്നു. അടുത്തിടെ കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ട ഹേമാവതി എന്തെങ്കിലും മരുന്ന് ഒഴിച്ചുതരാന്‍ ഭാര്‍ഗവിയോട് ആവശ്യപ്പെട്ടു.

പറ്റിയ അവസരം ലഭിച്ച അവര്‍ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ഹാര്‍പ്പിക്കും സന്ദുബാമും വെള്ളത്തില്‍ കലക്കി കണ്ണിലൊഴിച്ചുകൊടുത്തു. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞതോടെ കണ്ണില്‍ അണുബാധയായി. ഇത് മാറ്റാനെന്ന് വിശ്വസിപ്പിച്ച്‌ ഹാര്‍പിക്ക് കലക്കിയ വെള്ളം കണ്ണിലൊഴിച്ചുകൊണ്ടേയിരുന്നു. തീരെ കാഴ്ചയില്ലാത്ത അവസ്ഥ എത്തിയതോടെ വൃദ്ധ മകനോട് സംഭവം പറഞ്ഞു. നാട്ടിലെത്തിയ മകന്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അണുബാധയുടെയും കാഴ്ച നഷ്ടപ്പെട്ടതിന്റെയും കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് വിശദ പരിശോധനയ്ക്ക് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനിലാണ് കണ്ണില്‍ വിഷദ്രാവകം വീണിട്ടുണ്ടെന്ന് വ്യക്തമായത്. വേലക്കാരി കണ്ണില്‍ മരുന്നൊഴിച്ചെന്നും വൃദ്ധ മകനോട് പറഞ്ഞു. ഇതോടെ ഭാര്‍ഗവിയെ സംശയമായി. പൊലീസ് ചോദ്യംചെയ്തതോടെ നടന്ന സംഭവങ്ങള്‍ എല്ലാം അവര്‍ വിശദമായി പറഞ്ഞു. പലപ്പോഴായി 40000 രൂപയും നിരവധി സ്വര്‍ണവളകളും ഒരു സ്വര്‍ണമാലയും മോഷ്ടിച്ചുവെന്നാണ് ജോലിക്കാരി പൊലീസിനോട് സമ്മതിച്ചത്. എന്നാല്‍ പൊലീസ് ഇത് പൂര്‍ണമായും വിശ്വസിച്ചിട്ട‌ില്ല. മോഷണത്തിന് പിന്നില്‍ മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …