Breaking News

റഷ്യ താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് ഉറപ്പ്.

യുക്രൈന്‍ യുദ്ധത്തില്‍ താല്‍ക്കാലിക ആശ്വാസം. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. താല്‍ക്കാലികമായിട്ടാണ് വെടി നിര്‍ത്തുന്നത്. പ്രാദേശിക സമയം പകല്‍ 10 മണി മുതല്‍ വെടിനിര്‍ത്തുമെന്ന് റഷ്യ അറിയിച്ചു. യുക്രൈനിലെ യുദ്ധ മേഖലയില്‍ കുടുങ്ങിപ്പോയ സിവിലിയന്‍മാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് വെടി നിര്‍ത്തല്‍. മരിയോപോളിലും വോള്‍നോവാഖയിലും കുടുങ്ങിയവര്‍ക്ക് ആശ്വാസമാണ് പുതിയ പ്രഖ്യാപനം.

അതേസമയം, യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ തയ്യാറാണെന്ന് റഷ്യ ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയില്‍ അറിയിച്ചു. 10 ദിവസത്തിന് ശേഷമാണ് അല്‍പ്പ നേരത്തേക്കെങ്കിലും റഷ്യ ആക്രമണം നിര്‍ത്തുന്നത്. സിവിലന്‍മാര്‍ക്ക് നഗരം വിടുന്നതിന് നിശ്ചിത സമയം നല്‍കിയിരിക്കുകയാണ്. അത് കഴിഞ്ഞാല്‍ വീണ്ടും ആക്രമണം തുടങ്ങുമെന്നാണ് വിവരം. അതേസമയം, ചെര്‍ണോബില്‍ ആണവ നിലയം റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇവിടെയുള്ള ജീവനക്കാര്‍ കഴിഞ്ഞ പത്ത് ദിവസമായി റഷ്യയുടെ കസ്റ്റഡിയില്‍ കഴിയുന്നു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് യുക്രൈനിലെ ഇര്‍പിനില്‍ റഷ്യന്‍ സൈന്യം ശക്തമായ ആക്രമണം നടത്തി. ഇവിടെയുള്ള സൈനിക ആശുപത്രി ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അതിനിടെ, കഴിഞ്ഞ ദിവസം റഷ്യ നിയന്ത്രണത്തിലാക്കിയ സപ്രോസിയ ആണവനിലയം യുക്രൈന്‍ സേന തിരിച്ചുപിടിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈനില്‍ 1000 കൂലിപ്പട്ടാളക്കാരെ റഷ്യ വിന്യസിച്ചിട്ടുണ്ട് എന്നാണ് അമേരിക്കയുടെ ആരോപണം. അധിനിവേശം എളുപ്പത്തിലാക്കാന്‍ വേണ്ടിയാണ് റഷ്യ കൂലിപ്പട്ടാളക്കാരെ ഉപയോഗിക്കുന്നതത്രെ.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …