വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുടുംബത്തിലെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ഇന്നലെ പുലര്‍ച്ചെയാണ് വര്‍ക്കലയിലെ പ്രതാപന്റെ ഇരുനില വീടിന് തീപിടിച്ചത്. അപകടത്തില്‍ മൂത്ത മകന്‍ നിഹുല്‍ മാത്രമാണ് രക്ഷപെടുന്നത്. മുകളിലെ നിലയിലേക്കുള്ള പടികളില്‍ ദേഹമാസകലം പൊള്ളലേറ്റ് അവശനായ നിഹുലിനെയാണ് അഗ്നിരക്ഷാ സേന ആദ്യം കാണുന്നത്. ഭാര്യയും കുഞ്ഞും മുകളിലുണ്ട്, അവരെ എല്ലാവരേയും രക്ഷിക്കണേ എന്ന് പറഞ്ഞപ്പോഴേക്കും നിഹുല്‍ കുഴഞ്ഞു വീണിരുന്നു.
തീപിടുത്തം ആദ്യം കാണുന്നത് പ്രതാപന്റെ വീടിന്റെ എതിരെ താമസിക്കുന്ന ശശാങ്കനായിരുന്നു. ശശാങ്കന്‍ വീടിന്റെ വലതുഭാഗത്തെ കാര്‍പോര്‍ച്ചില്‍ തീ പടരുന്നത് കണ്ടു ബഹളം കൂട്ടി. തീപിടുത്തത്തെ തുടര്‍ന്ന് ശശാങ്കന്റെ മകള്‍ അലീന നിഹുലിനെ വിളിച്ചിരുന്നു. രണ്ടാം തവണ വിളിച്ചപ്പോഴാണ് നിഹുല്‍ ഫോണ്‍ എടുത്തതെന്ന് അലീന പറയുന്നു. എവിടെയാ തീ എന്ന് നിഹുല്‍ ചോദിച്ചു. വീടിന്റെ മുന്നിലാണെന്ന് പറഞ്ഞു.
ഉടന്‍ തന്നെ കട്ട് ചെയ്‌തെന്നും പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ റിങ് ചെയ്‌തെങ്കിലും പ്രതികരണം ഉണ്ടായില്ലെന്ന് അലീന പറയുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ നിഹുല്‍ ഓടി താഴത്തെ നിലയിലേക്ക് വന്നിരിക്കാമെന്നാണ് സൂചന. ഗുരുതരമായി പൊള്ളലേറ്റ നിഹുല്‍ അപകടാവസ്ഥ തരണം ചെയ്താലെ സംഭവത്തെ കുറിച്ചുള്ള വിവരം ലഭിക്കുകയുള്ളൂ. താഴത്തെ ഹാളിനോട് ചേര്‍ന്നായിരുന്നു പിതാവ് പ്രതാപന്റെ മൃതദേഹമെന്ന് പോലീസ് പറഞ്ഞു.
കിടപ്പുമുറിയില്‍ ഭാര്യ ഷെര്‍ലിയും. ഇരുവര്‍ക്കും ചെറിയ തോതിലെ പൊള്ളലേറ്റിരുന്നുള്ളൂ. അടുക്കളയിലേക്ക് തീ പടര്‍ന്നിരുന്നില്ല. കട്ടിലില്‍ ഉറങ്ങിക്കിടന്നതു പോലെയായിരുന്നു അടുത്ത മുറിയില്‍ നിഹുലിന്റെ സഹോദരന്‍ അഹില്‍ മരിച്ച് കിടന്നത്. സംഭവത്തില്‍ മറ്റ് ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പോലീസ് ഇക്കാര്യം പറയുന്നത്.
വീടിന് പുറത്തോ സമീപത്തോ അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും പോലീസ് പറയുന്നു. മിക്കസമയത്തും മുറികളിലെ എസി പ്രവര്‍ത്തിപ്പിക്കാറുണ്ടായിരുന്നു. ഗേറ്റും വാതിലുമെല്ലാം വലിയ പൂട്ട് ഉപയോഗിച്ച് പൂട്ടിയിരുന്നു. തീപിടിത്തമുണ്ടായ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളും വീട്ടിനുള്ളില്‍ പ്രവേശിക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു.