സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ കേസിലെ പ്രധാന പ്രതിയായ നൈജീരിയക്കാരന് നിരവധിപേരെ കബളിപ്പിച്ചതായി പൊലീസ്. നൈജീരിയന്‍ സ്വദേശി റോമാനസ് ചിബ്യൂസിനെ പൊലീസ് സംഘം കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ന്യൂഡല്‍ഹിയിലെ ഉത്തംനഗറില്‍ നിന്നാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സംഘം ഇയാളെ പിടികൂടിയത്. ഇയാള്‍ ഉപയോഗിച്ച വാട്സ്ആപ് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സമൂഹ മാധ്യമങ്ങള്‍ വഴി സൗഹൃദം സ്രഷ്ടിച്ച് യുവതികളുടെ വാട്സ്ആപ് നമ്ബര്‍ കരസ്ഥമാക്കിയാണ് ഇയാള്‍ പതിവായി തട്ടിപ്പുകള്‍ നടത്തുന്നത്. 2017 മുതല്‍ വെസ്റ്റ് ഡല്‍ഹിയിലെ വിവിധയിടങ്ങളിലായാണ് ഇയാള്‍ താമസിച്ചുവരുന്നത്.
തട്ടിപ്പ് നടത്തിയശേഷം അതിനുപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും നശിപ്പിക്കുകയും ചെയ്യുകയാണ് പതിവ്. തുടര്‍ന്ന് താമസ സ്ഥലവും മാറും. വ്യാജപേരിലും മേല്‍വിലാസത്തിലും നിര്‍മിച്ച പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉപയോഗിച്ചാണ് പ്രതി വീട് വാടകക്കെടുത്തതെന്നും സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.
ഇയാളുടെ പക്കല്‍ നിന്നും എ.ടി.എം കാര്‍ഡുകള്‍, പാസ്പോര്ട്ടുകള്, ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍ എന്നിവ കണ്ടെടുത്തു. ഉത്തംനഗറിലെ ബഹുനില കെട്ടിടത്തില്‍നിന്ന് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ആഫ്രിക്കന്‍ വംശജരുടെ എതിര്‍പ്പുണ്ടായി. ഇത് മൂലം പ്രതിയുടെ അറസ്റ്റ് പൊലീസിന് കൂടുതല്‍ ശ്രമകരമാവുകയായിരുന്നു.
ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അംഗിത് അശോകന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒ അസി. കമീഷണര്‍ ടി. ശ്യാംലാല്‍, ഇന്‍സ്പെക്ടര്‍ വിനോദ്കുമാര്‍ പി.ബി, എസ്.ഐ ബിജുലാല്‍, എ.എസ്.ഐമാരായ സുനില്‍ കുമാര്‍, ഷിബു, സി.പി.ഒമാരായ വിജേഷ്, സോനുരാജ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരാഴ്ചയ്ക്ക് മുമ്ബാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പേരില്‍ കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും ഇയാള്‍ പണം തട്ടിയത്. ഓണ്‍ ലൈന്‍ ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിക്കാനാണ് ഡിജിപിയുടെ പേരില്‍ തന്നെ തട്ടിപ്പുകാര്‍ കെണിയൊരുക്കിയത്. 14 ലക്ഷം രൂപയാണ് അധ്യാപികയില്‍ നിന്നും അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുള്‍പ്പെടെ കാണിച്ച് വിശ്വസിപ്പിച്ച് തട്ടിയത്.