ചൈനയിലും ഹോങ്കോങ്ങിലും ഒമിക്രോണ്‍ വകഭേദം പിടിമുറുക്കുന്നു. രോഗം അതിവേഗം പടരുന്നതിനിടെ കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുവാനുള്ള ശ്രമത്തിലാണ് ചൈനയും ഹോങ്കോങ്ങും. 2 വര്‍ഷം കൊവിഡിനെ അകറ്റിനിര്‍ത്തിയ ഹോങ്കോങ്ങിനു അഞ്ചാം തരംഗം തടയാനായില്ല. ആശുപത്രികള്‍ നിറഞ്ഞതിനാല്‍ രോഗികള്‍ ചികിത്സ കിട്ടാതെ ക്ലേശിക്കുകയാണ്. മോര്‍ച്ചറികള്‍ നിറഞ്ഞു. അതേസമയം ലോകമാകെ കൊവിഡ് മരണങ്ങള്‍ മൂന്നാഴ്ചയായി കുറഞ്ഞുവരികയാണ്. കഴിഞ്ഞയാഴ്ച 17% കുറഞ്ഞു.
എന്നാല്‍ രോഗബാധയില്‍ 8% വര്‍ധനയുണ്ടായി. 1.1 കോടി പേര്‍ പുതുതായി വൈറസ് ബാധിതരായി. പടിഞ്ഞാറന്‍ പസിഫിക് മേഖലയിലും ആഫ്രിക്കയിലുമാണ് വലിയ വര്‍ധന. ബ്രിട്ടനിലും ഫ്രാന്‍സിലും നേരിയ വര്‍ധനയുണ്ട്. ജപ്പാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടി തുടങ്ങി. അടുത്ത തിങ്കളാഴ്ച മുതല്‍ ജപ്പാനിലെ നിയന്ത്രണങ്ങള്‍ അപ്പാടെ എടുത്തുകളയും. പാക്കിസ്ഥാനില്‍ എല്ലാ നിയന്ത്രണങ്ങളും നീക്കിയെങ്കിലും കുത്തിവയ്പ് എടുക്കാത്തവര്‍ക്ക് ഇതു ബാധകമല്ല.