കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347-ാം നമ്ബര്‍ പില്ലറിന്റെ അടിത്തറയില്‍ ഉണ്ടായ ബലക്ഷയത്തിന്റെ കാരണം കണ്ടെത്താന്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിക്കാത്തതില്‍ ദുരൂഹതയെന്ന് ആരോപണം. തൂണിനായി നടത്തിയ പൈലിംഗ് ഭൂമിക്കടിയിലെ പാറ നിരപ്പില്‍ എത്തിയിട്ടില്ലെന്നത് നിര്‍മാണ സമയത്ത് സംഭവിച്ച ഗുരുതര വീഴ്ചയാണ്. ഇതിന്റെ വ്യക്തമായ കാരണം കണ്ടെത്താതെയാണ് കെഎംആര്‍എലും നിര്‍മാണ മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സിയും മെട്രോ നിര്‍മിച്ച എല്‍ ആന്‍ഡ് ടിയും ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിക്കുവാന്‍ ഒരുങ്ങുന്നത്.
കൊച്ചി മെട്രോയുടെ നിര്‍മാണം സര്‍ക്കാര്‍ ടേണ്‍ കീ അടിസ്ഥാനത്തിലാണു ഡിഎംആര്‍സിക്കു നല്‍കിയത്. മെട്രോ പ്രോജക്ടിന്റെ ഡിസൈനും നിര്‍മാണവും പൂര്‍ത്തിയാക്കി കൈമാറുന്നതായിരുന്നു ഡിഎംആര്‍സിയും സര്‍ക്കാരും തമ്മിലുളള വ്യവസ്ഥ. നിര്‍മാണഘട്ടത്തില്‍ ഓരോ പൈലുകളുടെയും സൂക്ഷ്മ പരിശോധനയ്ക്കു ശേഷമേ അതിന്റെ കോണ്‍ക്രീറ്റിങ് ആരംഭിക്കാവൂ എന്നിരിക്കെയാണ് ഏതാനും പൈലുകള്‍ അടിത്തട്ടിലേക്കെത്തിയിട്ടില്ലെന്നു കണ്ടെത്തുന്നത്. ഇതില്‍ സംഭവിച്ച വീഴ്ചയാകാം തൂണ് ഒരു വശത്തേക്കു ചെറുതായി ചരിയാനുള്ള കാരണം.
നിലവില്‍ അടിത്തറയും പാറയും തമ്മില്‍ ഒരു മീറ്ററോളം അകല്‍ച്ചയുണ്ടെന്നാണ് സാങ്കേതിക പരിശോധനയില്‍ കണ്ടെത്തിയത്. ഇതാണ് തൂണിന്‍റെ ബലക്ഷയത്തിനിടയാക്കിയത്. നിലവില്‍ ഈ പാളത്തിലൂടെ ട്രെയിന്‍ കടത്തിവിടുന്നില്ല. പാലത്തിനു മുകളിലൂടെ വാഹനങ്ങള്‍ കടന്ന് പോകുമ്ബോള്‍ ഉണ്ടാകുന്ന പ്രകമ്ബനം തൂണുകള്‍ക്കു ബലക്ഷയമുണ്ടാക്കുവാന്‍ സാധ്യതയുണ്ട്. അതിനാലാണ് പാലങ്ങള്‍ പണിയുമ്ബോള്‍ ഭൂമിയുടെ അടിത്തട്ടിലെ പാറയില്‍ പൈലുകള്‍ ഉറപ്പിക്കണമെന്ന് നിര്‍ബന്ധമുളളത്. പാറ കണ്ടെത്തിയില്ലെങ്കില്‍ അടിത്തട്ടില്‍ പൈല്‍ ഉറപ്പിക്കുന്ന പ്രതലത്തിന്റെ ബലം ഉറപ്പുവരുത്തണം. പത്തടിപ്പാലത്ത് 347 -ാം തൂണിന്റെ പെെലിംഗ് ചെളിയിലാണ്. ഇവിടെ 10 മീറ്റര്‍ ആഴത്തില്‍ പാറയുണ്ട്.
അതേസമയം എംജി റോഡില്‍ മെട്രോ തൂണുകള്‍ക്ക് 40-50 മീറ്റര്‍ ആഴത്തിലാണു പൈലിംഗ്. ആഴം കുറഞ്ഞ ഭാഗമായിട്ടു പോലും അടിത്തട്ടിലേക്കു പൈല്‍ എത്തിയില്ലെന്നതു ഗുരുതര വീഴ്ചയാണ്.അതേസമയം, പത്തടിപ്പാലത്തെ 347-ാം നമ്ബര്‍ പില്ലറിന്റെ അടിത്തറയില്‍ ഉണ്ടായ ബലക്ഷയം സംബന്ധിച്ച് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് കെഎംആര്‍എല്‍. തൂണിന്റെ ബലക്ഷയം എത്രയും വേഗം പരിഹരിക്കാനാവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ബലപ്പെടുത്തല്‍ ജോലികള്‍ തിങ്കളാഴ്ച ആരംഭിക്കും. ഇതോടൊപ്പം ആളുകളുടെ സംശയ അകറ്റുന്നതിനായി പത്തടിപ്പാലത്തിന് സമീപമുള്ള പില്ലറുകളും പരിശോധനയ്ക്ക് വിധേയമാക്കും.