വിവാഹമോചനത്തിന് ശേഷം സ്ത്രീക്ക് ജീവനാംശം ലഭിക്കുന്നത് സാധാരണമാണ്, എന്നാല്‍ മുന്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന് കോടതി ഉത്തരവിട്ട കേസാണ് മഹാരാഷ്ട്രയില്‍ പുറത്തുവന്നിരിക്കുന്നത്. കീഴ് കോടതിയുടെ വിധി ശരിവെച്ച് പ്രതിമാസം 3,000 രൂപ ജീവനാംശം നല്‍കണമെന്ന് ബോംബെ ഹൈകോടതിയുടെ ഔറംഗബാദ് ബെഞ്ച് ഉത്തരവിട്ടു. കീഴ്കോടതി വിധി റദ്ദാക്കണമെന്ന യുവതിയുടെ ഹര്‍ജി തള്ളി.
ഇതിനുപുറമെ മുന്‍ ഭര്‍ത്താവിന്റെ സാമ്ബത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍, യുവതി പഠിപ്പിക്കുന്ന സ്‌കൂളിനോട് പ്രതിമാസം അയ്യായിരം രൂപ ശമ്ബളത്തില്‍ നിന്ന് കിഴിച്ച് കോടതിയില്‍ നിക്ഷേപിക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 1992 ഏപ്രില്‍ 17നാണ് ഇരുവരും വിവാഹിതരായത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, വിവാഹം വേര്‍പെടുത്തണമെന്ന് ഭാര്യ കോടതിയോട് ആവശ്യപ്പെട്ടു.
ഇത് 2015 ല്‍ പ്രാദേശിക കോടതി അംഗീകരിച്ചു. തന്റെ സാമ്ബത്തിക സ്ഥിതി നല്ലതല്ലെന്നും ഭാര്യക്ക് ജോലിയുണ്ടെന്നും ഇത് കണക്കിലെടുത്ത് ഭാര്യയോട് പ്രതിമാസം 15,000 രൂപ എന്ന നിരക്കില്‍ സ്ഥിരം ജീവനാംശം നല്‍കണമെന്ന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട്, വിവാഹമോചനത്തിന് ശേഷം മുന്‍ ഭര്‍ത്താവ് നന്ദേഡിലെ കീഴ്‌കോടതിയില്‍ ഹര്‍ജി നല്‍കി. തനിക്ക് ജോലിയില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം.
ഭാര്യയുടെ വിദ്യാഭ്യാസത്തിന് താന്‍ ഒരുപാട് പണം നല്‍കിയിട്ടുണ്ടെന്ന് യുവാവ് ഹര്‍ജിയില്‍ അവകാശപ്പെട്ടു. ഭാര്യയെ പഠിപ്പിക്കുന്നതിനായി തന്റെ പല ആഗ്രഹങ്ങളും മാറ്റിവെച്ച് വീടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു.
തനിക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ആരോഗ്യനില മോശമാണെന്നും ഭാര്യ പ്രതിമാസം 30,000 രൂപ സമ്ബാദിക്കുന്നുവെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. ഭര്‍ത്താവിന് പലചരക്ക് കടയുണ്ടെന്നും ഓടോറിക്ഷയുണ്ടെന്നും ഭാര്യ പറഞ്ഞു. തന്റെ സമ്ബാദ്യത്തെ ആശ്രയിച്ചല്ല ഭര്‍ത്താവ് ജീവിക്കുന്നതെന്നും ഈ ബന്ധത്തില്‍ തന്റെ സമ്ബാദ്യത്തെ ആശ്രയിച്ചുള്ള ഒരു മകളുണ്ടെന്നും അതുകൊണ്ട് ഭര്‍ത്താവിന്റെ ജീവനാംശം വേണമെന്ന ആവശ്യം തള്ളിക്കളയണമെന്നും യുവതി കോടതിയില്‍ ആവശ്യപ്പെട്ടു.
വാദം കേട്ട വിചാരണക്കോടതി 2017ല്‍ യുവതി ഭര്‍ത്താവിന് ജീവനാംശമായി 3000 രൂപ നല്‍കണമെന്ന് ഉത്തരവിട്ടു. എന്നിരുന്നാലും, കോടതിയുടെ ഉത്തരവിന് ശേഷവും, യുവതി മുന്‍ ഭര്‍ത്താവിന് പണം നല്‍കിയില്ലെന്ന് പരാതി വന്നു. ഇത് കണക്കിലെടുത്ത് 2019 ല്‍ മറ്റൊരു ഉത്തരവ് നല്‍കി, അതില്‍ അപേക്ഷിച്ച തീയതി മുതല്‍ തീര്‍പ്പാക്കല്‍ വരെ ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ടു.
തുടര്‍ന്ന് കോടതിയുടെ രണ്ട് ഉത്തരവുകളെയും ചോദ്യം ചെയ്ത് യുവതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. നിരാലംബരായ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ ജീവനാംശം നല്‍കാന്‍ വ്യവസ്ഥയുണ്ടെന്ന ഹിന്ദു വിവാഹ നിയമത്തിലെ 25-ാം വകുപ്പ് ഉദ്ധരിച്ചാണ് കോടതി യുവതിയുടെ അപേക്ഷ തള്ളിയത്.