ആദ്യവിവാഹത്തിലെ ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ ഉപേക്ഷിച്ച ശേഷം രണ്ടാം വിവാഹത്തിന് പുറപ്പെട്ട യുവാവിന് കിട്ടിയത് നല്ല നാടന്‍ തല്ല്. ഛത്തീസ്ഗഡിലെ ജന്‍ജ്ഗിര്‍ ചമ്ബയിലാണ് സംഭവം. സോം പ്രകാശ് നാരായണ്‍ ജയ്സ്വാള്‍ എന്നയാളാണ് 2017ല്‍ വിവാഹം ചെയ്ത യുവതിയെ ഉപേക്ഷിച്ച് വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇയാളെ ആദ്യ ഭാര്യ ദാമിനി ജയ്സ്വാളാണ് കുടുംബാംഗങ്ങളുമായി എത്തി ശാരീരികമായി കൈകാര്യം ചെയ്തത്.
ഇതിന് ശേഷം യുവാവിനെതിരെ ഇവര്‍ സ്ത്രീധന പീഡനത്തിനെതിരെ കേസും നല്‍കി. രണ്ട് ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടാണ് ദാമിനിയെ സോം പ്രകാശിന്റെ വീട്ടുകാര്‍ തിരികെ അയച്ചത്. വിവാഹം കഴിഞ്ഞയുടന്‍ തന്നെ ഭര്‍ത്തൃ വീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുമായിരുന്നുവെന്ന് ദാമിനി പരാതിയില്‍ ആരോപിച്ചു. ഏപ്രില്‍ മൂന്നിനാണ് സോം പ്രകാശ് ക്ഷേത്രത്തില്‍ വച്ച് രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്. ദാമിനിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.