ആന്ധ്രാപ്രദേശിൽ പ്രതിശ്രുത വരന്റെ കഴുത്തറുത്ത യുവതി അറസ്റ്റിൽ. ഹൈദരാബാദിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന രാമു നായിഡുവിനെയാണ്(24) പ്രതിശ്രുത വധുവായ പുഷ്പ(22) കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാവ് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അനകപ്പള്ളിയിലെ കൊമ്മലപ്പുടിയിലാണ് സംഭവം.
അടുത്തമാസം 26 നായിരുന്നു പുഷ്മയുടെയും രാമുവിന്റെയും വിവാഹം തീരുമാനിച്ചിരുന്നത്. പക്ഷേ മാതാപിതാക്കൾ തെരഞ്ഞെടുത്ത വരനെ കല്യാണം കഴിക്കാൻ യുവതി തയ്യാറായിരുന്നില്ല. കുടുംബത്തിന്റെ സമ്മർദ്ദം മൂലമാണ് വിവാഹത്തിന് സമ്മതിച്ചത്. വിവാഹ തീയതി അടുത്തതോടെ യുവാവിനെ വധിക്കാൻ പുഷ്പ തീരുമാനിച്ചു. പിന്നാലെ യുവാവിനെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് രാമു പുഷ്പയുടെ നാട്ടിലെത്തി. ഇരുവരും ചേർന്ന് മലമുകളിലെ ഒരു ക്ഷേത്രത്തിലേക്കു പോയി. സർപ്രൈസ് തരാൻ താൽപര്യമുണ്ടെന്നും കണ്ണടയ്ക്കണമെന്നും പുഷ്പ രാമുവിനോട് ആവശ്യപ്പെട്ടു. യുവാവ് കണ്ണടച്ച ഉടൻ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. സ്‌കൂട്ടറിൽ നിന്ന് വീണാണ് യുവാവിന് പരുക്കേറ്റതെന്ന് യുവതി പറയുന്നു.
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലെ (സിഎസ്ഐആർ) ശാസ്ത്രജ്ഞനാണ് രാമു നായിഡു. ഇരുപത്തിരണ്ടുകാരിയായ പുഷ്പ സ്‌കൂൾ പഠനം നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നു.