മുംബൈയിലെ കല്‍ബാദേവിയിലുള്ള ബുള്ളിയന്‍ വ്യാപാരിയുടെ ഓഫീസില്‍ നിന്നും തറയിലും ഭിത്തിയിലും രഹസ്യ അറകളില്‍ സൂക്ഷിച്ച കണക്കില്‍ പെടാത്ത 9.8 കോടി രൂപയും 13 ലക്ഷം രൂപ വിലമതിക്കുന്ന 19 കിലോ സില്‍വര്‍ ബ്രിക്‌സുകളും ജിഎസ്ടി, ആദായ നികുതി അന്വേഷണ വിഭാഗം കണ്ടെടുത്തു.35 സ്ക്വയര്‍ ഫീറ്റ് ചതുരശ്ര അടിയാണ് ഓഫീസ്. വഞ്ചനാപരമായ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിമുകളിലും ഹവാല ഇടപാടുകളിലും ചാമുണ്ഡ ബുള്ളിയന്റെ പങ്കാളിത്തമുള്ളതായും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
കമ്ബനികളുടെ ഇടപാടുകളില്‍ സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥര്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍, ചാമുണ്ഡ ബുള്ളിയന്റെ വിറ്റുവരവ് കഴിഞ്ഞ മൂന്ന് സാമ്ബത്തിക വര്‍ഷങ്ങളിലായി 23 ലക്ഷം രൂപയില്‍ നിന്ന് 1,764 കോടി രൂപയായി കുതിച്ചുയര്‍ന്നിട്ടുണ്ട്. സംശയത്തെ തുടര്‍ന്ന് ബുധനാഴ്ച കല്‍ബാദേവി ഓഫീസ് ഉള്‍പ്പെടെ കമ്ബനിയുടെ മൂന്ന് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി.
തുടക്കത്തില്‍, 35 ചതുരശ്ര അടി സ്ഥലത്ത് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ വിശദമായ തിരച്ചിലില്‍ മുറിയുടെ അറ്റത്തെ തറയില്‍ ഒരു തകരാര്‍ കണ്ടെത്തുകയും ഒരു സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് തുറന്ന് നോക്കുകയും ചെയ്തു, ഇതോടെ തറയ്ക്ക് താഴെയുള്ള ഒരു അറയില്‍ പണം നിറച്ച ബാഗുകള്‍ കണ്ടെത്തി.
ബുള്ളിയന്‍ കമ്ബനിയുടെ ഓഫീസ് ഉടമയും കുടുംബാംഗങ്ങളും പണത്തെക്കുറിച്ചും സില്‍വര്‍ ബ്രിക്‌സുകളെ കുറിച്ചും അറിയില്ലെന്ന് വെളിപ്പെടുത്തിയതിനാല്‍, സ്ഥലം സംസ്ഥാന ജിഎസ്ടി വകുപ്പ് സീല്‍ ചെയ്യുകയും പിടിച്ചെടുത്തതിന്റെ വസ്തുതകള്‍ ഐ-ടി വകുപ്പിനെ അറിയിക്കുകയും ചെയ്തു. കൂടുതല്‍ പരിശോധനയില്‍ ഒരു ചുവരില്‍ പണത്തിന്റെ ബാഗുകള്‍ നിറച്ച കാബിനറ്റും കണ്ടെത്തി.
ആറു മണിക്കൂറിലേറെ എടുത്താണ് ഐടി ഉദ്യോഗസ്ഥര്‍ പണം എണ്ണി തീര്‍ത്തത്. കണക്കില്‍പ്പെടാത്ത പണവും സില്‍വര്‍ ബ്രിക്‌സുകളും ആദായനികുതി നിയമപ്രകാരം പിടിച്ചെടുത്തതായിട്ടാണ് റിപോര്‍ട്ടുകള്‍.