അഫ്ഗാനിസ്ഥാനില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കെതിരെ ശക്തമായ താക്കീതുമായി താലിബാന്‍. അയല്‍രാജ്യങ്ങളില്‍ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഒരു രീതിയിലും വച്ചുപൊറുപ്പിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പറഞ്ഞു. അഫ്ഗാനിലെ കുനാര്‍, ഖോസ്ത് മേഖലകളില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ 12ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. തങ്ങള്‍ പലരില്‍ നിന്നും പല തരത്തിലുമുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും, ഇനി ശക്തമായ തിരിച്ചടി നല്‍കുമെന്നുമാണ് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
‘ ഞങ്ങള്‍ ലോകത്തില്‍ നിന്നും ചില അയല്‍ക്കാരില്‍ നിന്നും പല പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്നുണ്ട്. കുനാറിലെ ഞങ്ങളുടെ സ്ഥലത്ത് നടത്തിയ അധിനിവേശം അതിന് ഉദാഹരണമാണ്. കയ്യേറ്റം ഞങ്ങള്‍ ഒരു രീതിയിലും ക്ഷമിക്കില്ല. ഇപ്പോള്‍ നടത്തിയ ആക്രമണത്തിലും ഞങ്ങള്‍ തത്കാലം നിശബ്ദത പാലിക്കുകയാണ്. ദേശീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണത്. പക്ഷേ ഇനി ഇതായിരിക്കില്ല സമീപനമെന്നും’ മുല്ല മുഹമ്മദ് യാക്കൂബ് പറഞ്ഞു.
എന്നാല്‍ അതിര്‍ത്തി കടന്ന് വ്യോമാക്രമണം നടത്തിയെന്ന വാര്‍ത്ത പാകിസ്താന്‍ നിഷേധിച്ചു. ‘ ഈ വ്യോമാക്രമണത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല. അഫ്ഗാനും പാകിസ്താനും സഹോദര രാജ്യങ്ങളാണ്. രണ്ട് രാജ്യങ്ങളിലേയും ഭരണകൂടവും ജനങ്ങളും തീവ്രവാദത്തെ ഗുരുതരമായ ഭീഷണിയായി കണക്കാക്കി, ആ വിപത്തിനെ ഇല്ലാതാക്കാന്‍ പരിശ്രമിക്കുകയാണ്. അതുകൊണ്ടു തന്നെ അതിര്‍ത്തി കടന്നുള്ള ഭീകരതയെ നേരിടാന്‍ രണ്ട് രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും’ പാകിസ്താന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.