നാലു മാസം പ്രായമായ കുഞ്ഞിനെ കുരങ്ങ് മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് എറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ദുങ്ക ഗ്രാമത്തില്‍ ആണ് സംഭവം. വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ബറേലി ചീഫ് കന്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ലളിത് വര്‍മ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് നിര്‍ദേഷ് ഉപാധ്യയും ഭാര്യയും നാലു മാസം പ്രായമായ മകനൊപ്പം മൂന്നു നിലയുള്ള വീടിന്റെ ടെറസിലൂടെ നടക്കുകയായിരുന്നു.
പെട്ടെന്നാണ് ഒരു കൂട്ടം കുരങ്ങന്മാര് അവിടേക്കു വന്നത്. കുരങ്ങന്മാരെ ഓടിക്കാന്‍ നിര്‍ദേഷ് പരമാവധി ശ്രമിച്ചെങ്കിലും കുരങ്ങന്മാര് ഇവര്‍ക്കു ചുറ്റും കൂടി. ദമ്ബതികള്‍ കുഞ്ഞുമായി കോണിപ്പടിവഴി താഴേയ്ക്ക് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് അവരുടെ കയ്യില്‍നിന്നും നിലത്തു വീണു. കുഞ്ഞിനെ നിര്‍ദേഷ് എടുക്കാന്‍ നോക്കിയപ്പോഴേക്കും ഒരു കുരങ്ങന് കുട്ടിയെ നിലത്തു നിന്ന് എടുത്ത് താഴേക്ക് എറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു നില കെട്ടിടത്തില്‍നിന്നു താഴെ വീണ കുട്ടി അപ്പോള്‍ തന്നെ മരിച്ചു.