മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് പൊറോട്ട. മൈദ കുഴച്ച് പ്രത്യേക രീതിയില്‍ ബോള്‍ വീശി പരത്തി കല്ലില്‍ ചുട്ടെടുക്കുന്ന പൊറോട്ടയുടെ മണം മതി നമ്മുടെ വായില്‍ കപ്പലോടാനുളള വെളളം നിറയാന്‍. ദക്ഷിണേന്ത്യയില്‍ ആവിര്‍ഭവിച്ച പൊറോട്ടയ്‌ക്ക് കേരളീയരുടെ മനസ്സ് കീഴടക്കാന്‍ അധികം സമയം വേണ്ടിവന്നില്ല.
കറിയും ചേര്‍ത്ത് കഴിക്കാന്‍ ഏറെ രസകരമാണ് എങ്കിലും സ്ഥിരമായി കഴിച്ചാല്‍ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണം കൂടിയാണ് പൊറോട്ട. ഇത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മൈദയാണ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്. ഗോതമ്ബ് സംസ്‌കരിക്കുമ്ബോള്‍ ലഭിക്കുന്ന അവശിഷ്ടമാണ് മൈദ. ഈ മൈദയെ മൃദുവാക്കാന്‍ ഭക്ഷ്യയോഗ്യമാക്കാനായി ബെന്‍സോയില്‍ പെറോക്‌സൈഡ്, അലോക്‌സാന്‍ തുടങ്ങിയ കെമിക്കലുകള്‍ ഉപയോഗിക്കാറുണ്ട്. ഇവ ശരീരത്തിന് ഏറെ ദോഷകരമാണ്.
നിത്യേന പൊറോട്ട കഴിക്കുന്നവര്‍ക്ക് വരാന്‍ സാദ്ധ്യതയുള്ള പ്രധാന അസുഖമാണ് പ്രമേഹം. മൈദയില്‍ അടങ്ങിയിരിക്കുന്ന അലോക്‌സാന്‍ ആണ് ഇതിന് കാരണമാകുന്നത്. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. ഇതോടെ ശരീരത്തില്‍ പഞ്ചാസാരയുടെ അളവ് കൂടുകയും ക്രമേണ പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യും.
കാര്‍ബോ ഹൈഡ്രേറ്റുകള്‍ വളരെ കൂടിയ അളവില്‍ പൊറോട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും. അതിനാല്‍ പൊറോട്ട സ്ഥിരമായി കഴിക്കുന്നത് കൊളസ്‌ട്രോളിന് കാരണമാകുന്നു. ഇത് ക്രമേണ ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കും. അതിനാല്‍ പൊറോട്ട ശീലമാക്കിയവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യതയും വളരെ കൂടുതലാണ്. കലോറി കൂടുതല്‍ ഉള്ളതിനാല്‍ പൊറോട്ട അമിത വണ്ണത്തിനും ഇത് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
പൊറോട്ട കഴിച്ചാല്‍ പൊതുവേ ദാഹം അനുഭവപ്പെടാറുണ്ട്. ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതിന് പൊറോട്ട കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പൊറോട്ട മൃദുവാക്കാന്‍ ഉപയോഗിക്കുന്ന അലോക്‌സാന്‍ ആണ് ഇതിന് കാരണമാകുന്നത്. ഈ രാസ വസ്തുക്കള്‍ കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു.
കായികാധ്വാനമുള്ള ആളുകള്‍ പൊതുവേ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് പൊറോട്ട എന്നത്. പെട്ടെന്ന് വിശക്കില്ല എന്നതാണ് ഇതിന് കാരണം. പതുക്കെ ദഹിക്കുന്ന ഭക്ഷണ സാധനമാണ് പൊറോട്ട. അതുകൊണ്ടുതന്നെ ദഹന പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നു. പൊറോട്ട നിത്യേന കഴിക്കുന്നത് കുടല്‍ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുമെന്നാണ് പറയുന്നത്.