പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ രാജ്യത്തെത്തിച്ച 8 ചീറ്റകൾക്ക് ഇന്ത്യൻ ഭക്ഷണം നൽകിത്തുടങ്ങി. 2 കിലോ പോത്തിറച്ചി വീതമാണ് ചീറ്റകൾ ഇന്ത്യയിലെത്തിയതിനു ശേഷം ആദ്യം കഴിച്ച ഭക്ഷണം. ഞായറാഴ്ച വൈകിട്ട് നൽകിയ ഭക്ഷണം ഒരാളൊഴികെ ബാക്കിയെല്ലാ ചീറ്റകളും മുഴുവനും കഴിച്ചു.
ഭക്ഷണം മുഴുവനും കഴിക്കാത്തതിൽ അസ്വാഭാവികതയില്ലെന്ന് അധികൃതർ അറിയിച്ചു. 30 മുതൽ 66 മാസം വരെ പ്രായമുള്ള ചീറ്റകളാണ് രാജ്യത്ത് എത്തിയത്. ഇന്ത്യൻ സാഹചര്യവുമായി ചീറ്റകൾ ഇണങ്ങിക്കഴിഞ്ഞു. മൂന്ന് ദിവസത്തിൽ ഒരിക്കലാണ് ഇവ ഭക്ഷണം കഴിക്കാറുള്ളത്. വംശനാശം നേരിട്ട ചീറ്റപ്പുലികൾ ഏഴ് പതിറ്റാണ്ടിന് ശേഷമാണ് തിരിച്ചുവന്നത്.
നമീബിയൻ കാടുകളിൽ നിന്ന് എട്ടു ചീറ്റകളാണ് കുനോ വനത്തിൽ വിഹരിക്കുക. ചീറ്റകൾക്ക് ജീവിക്കാൻ സാധ്യമായ പരിതസ്ഥിതിയും ഭൂഘടനയുമാണ് കുനോയിലേത്. ഗ്വാളിയോറിൽ നിന്ന് അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും ഹെലികോപ്റ്ററിലാണ് കുനോയിൽ എത്തിച്ചത്.