Breaking News

തീരുമാനത്തില്‍ മാറ്റമില്ല; നിറംമാറ്റം ഉള്‍പ്പെടെ നടപ്പാക്കും; ബസ് ഉടമകളോട് ഗതാഗത മന്ത്രി

ഏകീകൃത കളര്‍ കോഡ് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നേരത്തെ നിശ്ചയിച്ച പോലെ തന്നെ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നടപ്പാക്കാന്‍ സാവകാശം തേടിയ ടൂറിസ്റ്റ് ബസ് ഉടമകളെ സാഹചര്യം ബോധ്യപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

തീരുമാനങ്ങളെല്ലാം മുന്‍ നിശ്ചയപ്രകാരം നടപ്പാക്കും. കളര്‍ മാറ്റം പെട്ടെന്ന് നടപ്പാക്കാനാവില്ലെന്നാണ് ബസ് ഉടമകള്‍ അറിയിച്ചത്. അവരെ സാഹചര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമയ ബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി നടന്നു വരുന്ന പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ല.

വേഗ നിയന്ത്രണ സംവിധാനങ്ങള്‍, എക്‌സ്ട്രാ ഫിറ്റിംഗ്‌സുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിങ് ലൈറ്റ്, സിഗ്‌നല്‍ ലൈറ്റ് മുതലായവ കര്‍ശനമായി പരിശോധിക്കും. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുവാന്‍ ഉന്നതതലയോഗത്തിന്റേതാണ് തീരുമാനങ്ങള്‍.

കേരളത്തിലെ 86 ആര്‍.ടി. ഓഫീസുകളിലെ ഓരോ ഉദ്യോഗസ്ഥര്‍ക്ക് അതാത് ഓഫീസിന് കീഴിലുള്ള നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധനയുടെ ചുമതല നല്‍കും. വാഹനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും.

ഓരോ ആഴ്ചയും ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ തലത്തില്‍ കുറഞ്ഞത് 15 വാഹനങ്ങള്‍ ചെക്കിങ്ങുകള്‍ നടത്തും. അതിനു മുകളില്‍ സംസ്ഥാന തലത്തില്‍ സൂപ്പര്‍ ചെക്കിങ്ങുമുണ്ടാകും. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ജോയിന്റ് ആര്‍.ടി.ഒ. തുടങ്ങിയ എക്‌സിക്യുട്ടീവ് ഓഫീസേഴ്‌സ് ചെക്കിങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്തുവാന്‍ സംസ്ഥാന എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് കര്‍ശന പരിശോധന നടത്തും. ഇത്തരക്കാരുടെ െ്രെഡവിംഗ് ലൈസന്‍സ് റദ്ദാക്കും. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് െ്രെഡവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ റിഫ്രഷര്‍ ട്രെയിനിംഗിനു ശേഷം മാത്രമേ ലൈസന്‍സ് പുനഃസ്ഥാപിക്കുകയുള്ളൂ.

വാഹനങ്ങളില്‍ അനധികൃത രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച്‌ 5000 രൂപയില്‍ നിന്നും ഒരു രൂപമാറ്റത്തിന് 10,000 രൂപ വീതമായി വര്‍ദ്ധിപ്പിക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …