Breaking News

യഥാര്‍ത്ഥ ജയ അരിക്ക് ഒരു പ്രത്യേകതയുണ്ട്, അതുകൊണ്ടുതന്നെ കേരളത്തില്‍ അങ്ങനൊന്നും കിട്ടില്ല: വെളിപ്പെടുത്തലുമായി അന്ധ്രാ ഭക്ഷ്യമന്ത്രി….

ആന്ധ്രയില്‍ ജയ എന്ന പേരില്‍ അരി ഉല്‍പ്പാദിപ്പിക്കുന്നില്ലെന്ന് അവിടത്തെ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടും കേരളത്തിലെ വിപണിയില്‍ ഡ്യൂപ്ലിക്കേറ്റ് ജയ കൂടിയ വിലയ്‌ക്ക് നിര്‍ബാധം വില്‍ക്കുന്നു. കഴിഞ്ഞ സര്‍ക്കാരിലെ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ ആന്ധ്രയില്‍ ചെന്നപ്പോള്‍ തന്നെ അവിടെ ജയ അരി ഇല്ലെന്ന് തിരിച്ചറിഞ്ഞിരുന്നു.

അന്ന് സര്‍ക്കാര്‍ വിപണിയില്‍ ജയ എന്ന പേരില്‍ വില്‍ക്കുന്ന അരിയുടെ പേര് ആന്ധ്ര വെള്ള എന്നാക്കണമെന്ന് തീരുമാനിച്ചെങ്കിലും നടപ്പായില്ല. പേര് മാറ്റിയിരുന്നെങ്കില്‍ ഇടനിലക്കാര്‍ക്ക് തിരിച്ചടിയായി വിലകുറയുമായിരുന്നു. ആന്ധ്രയില്‍ അത്രയൊന്നും ഡിമാന്‍ഡില്ലാത്ത വിലകുറഞ്ഞ ബോണ്ടാലുവിനെ വിലകൂടിയ ജയയാക്കി മാറ്റിയവരുടെ മാര്‍ക്കറ്റിംഗ് തന്ത്രമാണ് കേരളത്തില്‍ വിജയിച്ചത്.

ആന്ധ്രയില്‍ ഗോദാവരി മേഖലയിലെ കാലാവസ്ഥയില്‍ വിളയുന്നതാണ് ജയ നെല്ല്. മറ്റൊരു സംസ്ഥാനത്തും അത് വിളയിക്കാനാകില്ലെന്ന് മന്ത്രി ജി.ആര്‍.അനിലുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം ആന്ധ്ര ഭക്ഷ്യമന്ത്രി കരുമുരി വെങ്കട നാഗേശ്വര റാവുവും അവിടത്തെ ഭക്ഷ്യവകുപ്പിനെ ഏകോപിപ്പിക്കുന്ന സഹകരണ കമ്മിഷണര്‍ അഹമ്മദ് ബാബുവും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതാണ്.

എന്നിട്ടും പൊതുവിപണിയിലും സര്‍ക്കാര്‍ വിപണിയിലുമെല്ലാം ‘ജയ’ എന്ന പേരില്‍ ഡ്യൂപ്ലിക്കേറ്റ് നിറഞ്ഞു നില്‍ക്കുന്നു. വിലകുറഞ്ഞ ബൊന്ദലു (ബൊണ്ടാലു) അരി, ജയ എന്ന പേരില്‍ ഇടനിലക്കാര്‍ കേരളത്തിലെത്തിച്ച്‌ കൂടിയ വിലയ്‌ക്ക് വിറ്റാണ് കബളിപ്പിക്കുന്നത്. ബൊണ്ടാലു അരി ആന്ധ്ര വെള്ള എന്ന പേരില്‍ മറ്റ് സംസ്ഥാനങ്ങളിലെ വിപണിയിലും എത്താറുണ്ട്.

വേവിക്കുമ്ബോള്‍ കുഴയാതെ നല്ല പാകത്തില്‍ കിട്ടുമെന്നതിനാലാണ് ഈ അരി മലയാളികള്‍ക്ക് പ്രിയമായത്. 1965നു ശേഷമാണ് ആന്ധ്രയില്‍ ജയ അരി ഉല്‍പ്പാദനം കുറഞ്ഞത്. ക്രമേണ ഇല്ലാതായി. ഒറിജിനല്‍ ജയയ്‌ക്ക് ഇപ്പോഴത്തെ ഡ്യൂപ്ലിക്കേറ്റിന്റെ ഡിമാന്‍ഡ് ഉണ്ടായിരുന്നില്ല. ഇപ്പോഴും സപ്ളൈകോയില്‍ ആന്ധ്ര വെള്ള വില്‍ക്കുന്നത് ജയ എന്ന പേരിലാണ്. പൊതുവിപണിയില്‍ പഞ്ചാബ് ജയ, കര്‍ണാടക ജയ എന്നിങ്ങനെ പല ഡ്യൂപ്പുകളുണ്ട്. അതിനെല്ലാം വില കുറവുമാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …