സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാര്‍ ശിപാര്‍ശ തള്ളി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയന്‍റ് ഡയറക്ടര്‍ ഡോ. സിസ തോമസിന് വൈസ് ചാന്‍സലറുടെ ചുമതല നല്‍കിയ ചാന്‍സലറായ ഗവര്‍ണറുടെ നടപടി നിയമക്കുരുക്കിലേക്ക്.
നിയമസഭ പാസാക്കിയ സാങ്കേതിക സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണ് ഗവര്‍ണറുടെ നടപടിയെന്ന് വിലയിരുത്തിയ സര്‍ക്കാര്‍, വിഷയത്തില്‍ നിയമപരമായ പരിശോധന തുടങ്ങി. ഇതുസംബന്ധിച്ച് അഡ്വക്കറ്റ് ജനറലില്‍നിന്ന് ഉള്‍പ്പെടെ നിയമോപദേശം തേടി. ഗവര്‍ണറുടെ നടപടി കോടതിയില്‍ ചോദ്യംചെയ്യാനാണ് സാധ്യത.
സാങ്കേതിക സര്‍വകലാശാല നിയമപ്രകാരം വി.സി പദവിയില്‍ ഒഴിവുവന്നാല്‍ സര്‍ക്കാര്‍ ശിപാര്‍ശപ്രകാരം മറ്റേതെങ്കിലും സര്‍വകലാശാല വി.സിയെയോ അതേ സര്‍വകലാശാലയുടെ പി.വി.സിയെയോ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയെയോ ആറ് മാസത്തില്‍ കവിയാത്ത കാലയളവിലേക്ക് നിയമിക്കാമെന്നാണ് വ്യവസ്ഥ. ഇതിനനുസൃതമായി സര്‍ക്കാര്‍ ഡിജിറ്റല്‍ സര്‍വകലാശാല വി.സി ഡോ. സജി ഗോപിനാഥിന് ചുമതല നല്‍കാന്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ സമര്‍പ്പിച്ചു.
സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ സര്‍വകലാശാല വി.സിക്കും ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും സര്‍ക്കാര്‍ ശിപാര്‍ശ തള്ളുകയും ചെയ്തു. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയിക്ക് ചുമതല നല്‍കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയെങ്കിലും അതും തള്ളിയാണ് ഡോ. സിസ തോമസിന് ചുമതല നല്‍കിയത്.