ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങളില്‍ പരിഭ്രാന്തരായി ചൈന. മിസൈല്‍ പരീക്ഷണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചാരക്കപ്പല്‍ അയച്ചിരിക്കുകയാണ് ചൈന. ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാംഗ് 6 ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ച് നിരീക്ഷണം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലിവില്‍ ഈ കപ്പല്‍ ബാലി തീരത്തിലാണ് ഉള്ളത്.
മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ ചലനവും നിരീക്ഷിക്കാന്‍ തക്കവണ്ണം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് യുവാന്‍ വാംഗ് 6 എന്ന കപ്പല്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടലിടുക്കുകളുടെ ദൂരപരിധിയും ആഴവും അളക്കാന്‍ ചാരക്കപ്പലിന്റെ മാപ്പിങ്ങിലൂടെ സാധിക്കും. ഇതിലൂടെ ചൈനീസ് അന്തര്‍വാഹിനികള്‍ക്ക് സമുദ്രത്തിന്റെ അടിത്തട്ടിലെ സാഹചര്യത്തെ കുറിച്ച് പഠിക്കാനാകുമെന്നാണ് വിവരം.
നവംബര്‍ 10 നോ 11 നോ ഒഡീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഒരു മിസൈല്‍ പരീക്ഷണം നടത്തുന്നുണ്ടെന്ന് ഇന്ത്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് യുവാന്‍ വാംഗ് 6 ഇന്ത്യന്‍ മഹാസമദ്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ശ്രീലങ്കയ്‌ക്കും ഇന്തോനേഷ്യയ്‌ക്കും ഇടയിലുള്ള പ്രദേശത്തില്‍ മിസൈല്‍ പരീക്ഷണം നടക്കുകയെന്നാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്.