ന്യൂഡല്‍ഹി: ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് 2007ലെ പ്രഥമ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗം ജോഗീന്ദർ ശർമ. 2007 സെപ്റ്റംബർ 24 ന് പാകിസ്ഥാനെതിരായ അവസാന ഓവറിൽ ജോഗീന്ദർ 13 റൺസ് പ്രതിരോധം തീർത്തിരുന്നു.
2001 ൽ ആരംഭിച്ച തന്‍റെ ക്രിക്കറ്റ് കരിയറിനാണ് അദ്ദേഹം വിരാമമിടുന്നത്. 2022 സെപ്റ്റംബറിൽ ലെജൻഡ്സ് ലീഗിൽ കളിച്ചിരുന്നു. 2004ൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ജോഗീന്ദർ നാല് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളും മാത്രമാണ് കളിച്ചത്. 2008 മുതൽ 2011 വരെ എംഎസ് ധോണിക്ക് കീഴിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി 16 ഐപിഎൽ മത്സരങ്ങൾ കളിച്ചു.
പിന്നീട് ഹരിയാന പൊലീസിൽ ഡിവൈഎസ്പിയായി ജോലിയിൽ പ്രവേശിച്ചു. കോവിഡ് വ്യാപനത്തോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ക്രമസമാധാന പാലനത്തിൽ സജീവമായിരുന്നു ജോഗീന്ദർ.