മുംബൈ: 2022-2023 ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) നോക്കൗട്ട്, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചു. ഫൈനൽ മാർച്ച് 18ന് നടക്കും. ഇത്തവണ പ്ലേ ഓഫിൽ കാര്യമായ മാറ്റങ്ങളുണ്ട്.
ആദ്യ ആറ് സ്ഥാനങ്ങളിലെത്തുന്ന ടീമിന് ഫൈനലിൽ പ്രവേശിക്കാൻ കഴിയും എന്നതാണ് ഈ വർഷത്തെ ലീഗിനെ വ്യത്യസ്തമാക്കുന്നത്. മൂന്നും നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് നോക്കൗട്ട് മത്സരങ്ങൾ കളിച്ച് സെമി ഫൈനലിലേക്കെത്താം. ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ നേരിട്ട് സെമി ഫൈനലിലേക്കുള്ള യോഗ്യത നേടും.
മാർച്ച് മൂന്നിനാണ് ആദ്യ നോക്കൗട്ട് മത്സരം. ഈ മത്സരത്തിൽ നാലാം സ്ഥാനത്തുള്ള ടീം അഞ്ചാം സ്ഥാനത്തുള്ള ടീമിനെ നേരിടും. അടുത്ത ദിവസം മൂന്നാം സ്ഥാനത്തുള്ള ടീം ആറാം സ്ഥാനത്തുള്ള ടീമിനെ നേരിടും. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് നേരിട്ട് സെമി ഫൈനലിൽ പ്രവേശിക്കാം.