ന്യൂഡല്‍ഹി: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സുപ്രീം കോടതി കുറ്റവിമുക്തനാക്കി വിട്ടയാൾ മറ്റൊരു കൊലപാതക കേസിൽ അറസ്റ്റിലായി. ഓട്ടോ ഡ്രൈവറെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ഡൽഹി സ്വദേശി വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 26ന് ഡൽഹിയിലെ ദ്വാരകയിലായിരുന്നു സംഭവം.
മോഷണ ശ്രമത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവറെ രണ്ട്പേർ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ പവൻ എന്നയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിനോദിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
2012 ഫെബ്രുവരിയിൽ ഡൽഹിയിൽ 19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു വിനോദ്. മൂന്ന് മാസം മുമ്പ് ഇയാൾ ഉൾപ്പടെയുള്ള മൂന്ന് പ്രതികളെയും സുപ്രീം കോടതി കുറ്റവിമുക്തരാക്കിയിരുന്നു. പ്രതികൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ സംശയത്തിന്‍റെ ആനുകൂല്യത്തിലാണ് കോടതി മൂന്ന് പ്രതികളെയും കുറ്റവിമുക്തരാക്കിയത്.