Breaking News

കുട്ടികൾക്ക് സമയം വേണം, അവർ ഒന്ന് പാകപ്പെട്ടു വരണം, പഠനത്തിനായാലും പ്രതികരണത്തിനായാലും!

പാചകക്കാർ പറയാറുണ്ട് “വിഭവങ്ങൾ തയ്യാറാക്കി കഴിഞ്ഞാൽ അവ അൽപസമയം ഇരുന്നു പാകം വന്നാലേ ശരിയായ സ്വാദ് ലഭിക്കൂ” എന്ന്. ആ നല്ല രുചിയിലേക്ക് എത്തിച്ചേരാനുള്ള സമയം, ആ ഒരു പാകപ്പെടൽ വിഭവങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും ആവശ്യമാണ്. സാഹചര്യങ്ങളോട് ഒന്ന് ഇണങ്ങി വരാൻ, യോജിച്ച് വരാൻ വേണ്ട സമയം. മുതിർന്നവർക്കും കുട്ടികൾക്കും എല്ലാം ഒരുപോലെ ഇത് ബാധകമാണെങ്കിലും കുട്ടികൾക്ക് കുറച്ചു കൂടുതൽ ബാധകമാണ്.
അത് ബോധ്യപ്പെട്ടത് എന്റെ എട്ടാം ക്ലാസ്സിൽ 2023 ജാനുവരി 25, ബുധനാഴ്ച, 9. 30 മുതൽ 10. 15 വരെയുള്ള സമയത്താണ്. അതായത് ഒന്നാം പീരീഡ്. അന്ന് ക്ലാസിലെ പ്രവർത്തനം ‘ചർച്ച’ ആയിരുന്നു. Topic നേരത്തെ തന്നെ അനൗൺസ് ചെയ്തിരുന്നു, ‘Nature is the Best Teacher’. അതിനെ Can we learn from nature ?, Do we learn only from nature?, Are schools and teachers needed?, What is the difference between learning from nature and learning from schools?, Which one is better ?, How can school learning be made better ? എന്നിങ്ങനെ 6 sub topicsആയും തിരിച്ചിരുന്നു.
A Day in the country എന്ന പാഠവുമായി ബന്ധപ്പെട്ടുള്ള ടോപ്പിക്ക് ആയിരുന്നു. 38 കുട്ടികളിൽ നിന്നും 10 പേരെ ചർച്ചയ്ക്കായി നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. (സംവാദത്തേക്കാൾ ചർച്ചയാണ് കുറച്ചുകൂടി നല്ലത് എന്ന് തോന്നിയതിനാൽ ആണ് ഡിബേറ്റിനു പകരം ഡിസ്കഷൻ വെച്ചത്.) ആ 10 പേരും അവരവരുടെ അഭിപ്രായങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞാൽ മറ്റു കുട്ടികൾക്ക് അവരുടെ അഭിപ്രായം അവതരിപ്പിക്കാം. ഇതായിരുന്നു രീതി. ചർച്ച നയിക്കേണ്ട 10 പേരേയും ക്ലാസിന് അഭിമുഖമായി ഇരുത്തി, മൈക്കും നൽകി റെഡിയാക്കി.
ആ 10 പേരും ഓരോരുത്തരായി അവർ തെരഞ്ഞെടുത്ത സബ് ടോപ്പിക്കിനെ കുറിച്ച് അവരുടെ അഭിപ്രായം അവതരിപ്പിച്ചു. ശേഷം കേൾവിക്കാരായ മറ്റു കുട്ടികൾക്കുള്ള സമയമാണ്. ആദ്യം നാലഞ്ചു പേർ വലിയ തള്ളലൊന്നും കൂടാതെ തന്നെ എഴുന്നേറ്റ് അവരുടെ അഭിപ്രായം അവതരിപ്പിച്ചു. അതിനുശേഷം വലിയ ബുദ്ധിമുട്ടായിരുന്നു. ആരുമങ്ങോട്ട് എഴുന്നേൽക്കാൻ തയ്യാറാവുന്നില്ല.
(പിന്നീട് സംസാരിച്ചപ്പോൾ എല്ലാവരും പറഞ്ഞത് എഴുന്നേൽക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ ധൈര്യമില്ല, തെറ്റിപ്പോയാലോ എന്ന് പേടിയാണ്. പിന്നേ.. തെറ്റിപ്പോയാൽ ആകാശമിടിഞ്ഞ് ഭൂമിയുടെ മുകളിൽ കൂടെ അങ്ങ് വീഴും…. എന്നാണ് അതിനു മറുപടി) . ഇടയ്ക്കും മുറയ്ക്കും ഒക്കെ ഓരോരുത്തർ എഴുന്നേറ്റു. അങ്ങനെ സമയം പോയിക്കൊണ്ടേയിരുന്നു. കുറച്ചുസമയം കഴിഞ്ഞതോടെ കൂടുതൽ പേർ അഭിപ്രായം പറയാൻ എഴുന്നേൽക്കാൻ തുടങ്ങി.
ആദ്യത്തെ 10 പേര് ഒരു റൗണ്ട് കൂടി പറയാം എന്ന നിലയിലേക്ക് ആയി. അഭിപ്രായം പറഞ്ഞ കാണികളിൽ ചിലരും വീണ്ടും വീണ്ടും പറയാനായി എഴുന്നേറ്റു. അവസാനം പീരീഡ് അവസാനിപ്പിക്കുന്ന മണി മുഴങ്ങിയതിനാൽ ഇനി അടുത്ത പ്രാവശ്യം ആകാം എന്ന് പറഞ്ഞ് മനപ്പൂർവ്വം അവസാനിപ്പിക്കേണ്ടി വന്നു. ക്ലാസ്സിൽ ഹാജരായ 34 കുട്ടികളിൽ 25ൽ കൂടുതൽ കുട്ടികൾ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞു. ഒന്നിൽ കൂടുതൽ പ്രാവശ്യം പറഞ്ഞവർ 15 പേർ ഉണ്ടായിരുന്നു.
ഇവരിൽ ഏറെ പേരും അവസാനത്തെ 15 മിനിറ്റുകളിൽ ആണ് അഭിപ്രായം പറയാനായി എഴുന്നേറ്റത്. (ഒരു കുട്ടിയെയും പേരെടുത്ത് വിളിക്കില്ല എന്നും സ്വയം എഴുന്നേൽക്കണം എന്നും ഉള്ളത് ക്ലാസിന്റെ ഒരു പ്രത്യേക പതിവായി ഞങ്ങൾ കൊണ്ടുനടക്കുകയാണ്.) അന്ന് രാത്രി കുട്ടികളുടെ പെർഫോമൻസ് മനസ്സിൽ ഒന്ന് റീവൈൻഡ് ചെയ്തപ്പോഴാണ് ആ ബോധോദയം വന്നത്!!! കുട്ടികൾ ഒരു പ്രത്യേക സന്ദർഭവുമായി മാനസികമായി ഒന്ന് ഇഴുകി ചേരാൻ കുറച്ച് സമയം എടുക്കും. അവർക്ക് ഭയമില്ലാതെ, സ്വതന്ത്രമായി സംസാരിക്കാം, അഭിപ്രായപ്രകടനം നടത്താം എന്ന തോന്നലിലേക്ക് എത്തിയാൽ മാത്രമേ കുട്ടികളിൽ സ്വാഭാവിക പഠനവും പ്രതികരണവും നടക്കൂ.
മറ്റുള്ളവർ പറയുന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സ്വന്തം മനസ്സിനെ ധൈര്യപ്പെടുത്തിയും, എന്ത് പറയണം എങ്ങനെ പറയണം എന്ന് തീർച്ചപ്പെടുത്തിയും ഒക്കെ വരാൻ സമയം വേണം. പറയാനുള്ള പ്രവർത്തനത്തിൽ മാത്രമല്ല എഴുതാനും ചിന്തിക്കാനും ഉള്ള പ്രവർത്തനങ്ങളിലും ഈ കാര്യം ശരിയാണ്. ക്ലാസ്സിൽ നടന്ന മറ്റു പ്രവർത്തനങ്ങളെ കൂടി ഒന്ന് റീവൈൻഡ് ചെയ്തു നോക്കിയപ്പോൾ അവിടെയും കാണാൻ കഴിഞ്ഞു ഈ സമയം എടുക്കൽ എന്ന് പ്രതിഭാസം.
കഴിഞ്ഞൊരു ദിവസം GOTEC ( Global Opportunities Through English Communication) ambassadors ആയ കുട്ടികൾക്ക് വേണ്ടി foreigners ഉം ആയി ഒരു interaction ഉണ്ടായിരുന്നു. അവിടേയും കുട്ടികൾ അവരുമായി ഒന്ന് ചേർന്നു വന്ന സമയമായപ്പോഴേക്കും സെഷൻ അവസാനിക്കാറായി. GOTEC ambassadors ഉം foreigners ഉം ആയി ഒരു interaction കോവളത്തുവച്ചു നടന്നപ്പോഴും ഇതേ പ്രതിഭാസം കണ്ടു. ആദ്യ കൂട്ടരുമായി സംസാരിക്കാൻ മടിച്ച് മടിച്ചാണ് കുട്ടികൾ മുന്നോട്ട് വന്നത്. പക്ഷേ അല്പ സമയത്തിനു ശേഷം കടൽത്തീരത്തുണ്ടായിരുന്ന വിദേശികളുമായി കുട്ടികൾ വളരെ ഫ്രീ ആയി സംസാരിക്കുന്നുണ്ടായിരുന്നു.
ഒരു പ്രത്യേക സന്ദർഭത്തിൽ “എന്തെങ്കിലും ചോദിക്ക്, “എന്തെങ്കിലും സംസാരിക്ക് ” എന്നൊക്കെ എത്ര നിർബന്ധിച്ചാലും ഒന്നും തന്നെ തലയിലോ നാവിലോ വന്നൂന്ന് വരില്ല. ഒന്നിരുന്ന്…, കുറച്ച് സമയമെടുത്ത്…. ഒക്കെയാണെങ്കിൽ പിന്നെ ഇങ്ങനെ ഒഴുകി വരും, ചിലപ്പോ വെള്ളച്ചാട്ടം പോലെ നിൽക്കാതെ വരും…പക്ഷേ സമയം വേണം … ഒന്ന് പാകപ്പെട്ടു വരാൻ, പഠനത്തിനായാലും പ്രതികരണത്തിനായാലും!!! അതോടൊപ്പം non-threatening ആയ അന്തരീക്ഷവും!!!!

തയ്യാറാക്കിയത് :

ശ്രീജ ദേവി എ  ( Teacher )

GKS Govt. V&HSS,

VELLANAD

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …