കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരെയുള്ള പരസ്യ പരാമർശത്തിന് വിലക്കേർപ്പെടുത്തി കേന്ദ്രം. പ്രധാനമന്ത്രിയുടെ ‘മാന്‍ ഓഫ് ഐഡിയാസ്’ എന്നറിയപ്പെടുന്ന ആനന്ദബോസിനെതിരെയോ രാജ് ഭവനെതിരെയോ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കളോട് കേന്ദ്രം ആവശ്യപ്പെട്ടു. സി വി ആനന്ദബോസിന്റെ ഡൽഹി സന്ദർശനത്തിന് ശേഷമാണ് ബംഗാൾ നേതാക്കൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയത്.
ഗവർണർ സി വി ആനന്ദ ബോസ് ബംഗാൾ സർക്കാരിനെ വഴിവിട്ട് സഹായിച്ചതായി ബിജെപി സംസ്ഥാന ഘടകം ആരോപിച്ചിരുന്നു. മമത ബാനർജിയുടെ ഫോട്ടോസ്റ്റാറ്റ് മെഷീനാണ് ഗവർണറെന്നും വിമർശനമുയർന്നിരുന്നു. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി മുഖ്യമന്ത്രിക്ക് ചുമതല നൽകിയ ബിൽ ബംഗാൾ സർക്കാർ പിൻവലിച്ചിരുന്നു.
ബംഗാളിലെ എഴുത്തിനിരുത്ത് ചടങ്ങായ ഹാതെ കോരി രാജ്ഭവനില്‍ സംഘടിപ്പിച്ചതും ചടങ്ങിൽ മമത ബാനർജി പങ്കെടുത്തതിലും ബിജെപി സംസ്ഥാന ഘടകം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ബംഗാൾ ഗവർണറായിരുന്നപ്പോൾ മമത ബാനർജി സർക്കാരുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു.