Breaking News

ടോള്‍ പ്ലാസകളിലെ ഗതാഗതം സുഗമമാക്കണം; ഇടപെട്ട് ഹൈക്കോടതി

കൊച്ചി: ഫാസ്റ്റ് ടാഗ് ഇല്ലാതെ ഫാസ്റ്റ് ടാഗ് ട്രാക്ക് ഉപയോഗിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഹൈക്കോടതി. ടോൾ ബൂത്തിലെ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ദേശീയപാത അതോറിറ്റിയും ടോൾ പിരിക്കുന്നവരും അടിയന്തര നടപടികൾ സ്വീകരിക്കണം. അല്ലാത്തപക്ഷം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്ക് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

പാലിയേക്കര ടോൾ പ്ലാസയിൽ വൻ തിരക്കുണ്ടെന്നും ഇത് സമയനഷ്ടത്തിന് കാരണമാകുന്നുവെന്നുമാണ് പാലക്കാട് സ്വദേശി നൽകിയ ഹർജിയിൽ പറയുന്നത്. ഈ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഫാസ്റ്റ് ടാഗ് ഇല്ലാതെ ട്രാക്ക് ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നത് പരിശോധിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 1998ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 201 ഭേദഗതി ചെയ്യുന്ന കാര്യവും പരിഗണിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ടോൾ ബൂത്തുകളിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് സംസ്ഥാന സർക്കാരും ഡി.ജി.പിയും ആലോചിക്കണം. ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് പരിശോധിക്കണം. ടോൾ പ്ലാസയിലൂടെ വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ കഴിയണം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും ടോൾ പിരിക്കുന്നവരും ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. കേസ് ഫെബ്രുവരി 17ന് പരിഗണിക്കാന്‍ മാറ്റി.

About News Desk

Check Also

വിജേഷ് പിള്ള ഒളിവിൽ, ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല: കർണാടക പോലീസ്

ബെംഗളൂരു: കേസിൽ നിന്ന് പിൻമാറാൻ സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പോലീസ്. …