Breaking News

‘ആവശ്യ സമയത്ത് സഹായിക്കുന്നയാളാണ് യഥാർത്ഥ സുഹൃത്ത്’; ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് തുർക്കി

ന്യൂഡല്‍ഹി: ഭൂകമ്പത്തിൽ അടിയന്തര സഹായം നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുർക്കി. ആവശ്യ സമയത്ത് സഹായിക്കുന്ന ഒരാളാണ് യഥാർത്ഥ സുഹൃത്തെന്നും തുർക്കിയിലെ നിലവിലെ സാഹചര്യത്തിൽ സഹായിച്ചതിനു നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിറാത്ത് സുനെൽ പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ തുർക്കി എംബസി സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേന ടീമുകളെയും മെഡിക്കൽ ടീമുകളെയും എത്രയും വേഗം ദുരിതാശ്വാസ സാമഗ്രികളുമായി തുർക്കിയിലേക്ക് അയയ്ക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. വി മുരളീധരൻ ഇന്ത്യയിലെ സിറിയന്‍ അംബാസഡര്‍ ബസാം അല്‍ ഖാത്തിബുമായും കൂടിക്കാഴ്ച നടത്തി.

100 സേന അംഗങ്ങളും പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകളും അവശ്യ ഉപകരണങ്ങളുമായി ഇന്ത്യയിൽ നിന്നുള്ള രക്ഷാ സംഘങ്ങൾ തുർക്കിയിലേക്ക് പുറപ്പെടാൻ തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അവശ്യ മരുന്നുകളുമായി പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഒരു സംഘം സജ്ജമാണെന്നും അറിയിച്ചു. അങ്കാറയിലെ ഇന്ത്യൻ എംബസിയുമായും ഇസ്താംബൂളിലെ കോൺസുലേറ്റ് ജനറലുമായും കൂടിയാലോചിച്ച് ദുരിതാശ്വാസ സാമഗ്രികൾ അയയ്ക്കുമെന്നും അറിയിച്ചു.

രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനുമായി ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ച് തുർക്കിയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ചൊവ്വാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 50 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡ്, ഡ്രില്ലിംഗ് മെഷീനുകൾ, ദുരിതാശ്വാസ സാമഗ്രികൾ, മരുന്നുകൾ, മറ്റ് അവശ്യ സേവനങ്ങൾ, ഉപകരണങ്ങൾ എന്നിവയുമായി സി -17 വിമാനം തുർക്കിയിലേക്ക് പുറപ്പെട്ടതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യം നേരിടുന്ന തുർക്കിയോട് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഗാസിയാബാദിലെ ഹിൻഡൻ എയർബേസിൽ നിന്ന് ചൊവ്വാഴ്ച രാവിലെയാണ് വിമാനം തുർക്കിയിലെ അദാനയിലെത്തിയത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …