കൊല്ലം: കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചതിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. അമ്മയുടെ ചികിൽസയ്ക്കിടെയാണ് റിസോർട്ടിൽ താമസിച്ചെതെന്നും അറ്റാച്ച്ഡ് ബാത്ത്റൂം ഇല്ലാത്ത സ്വന്തം വീട് പുതുക്കിപ്പണിയുന്ന സമയമായിരുന്നെന്നും ചിന്ത വിശദീകരിച്ചു. 20,000 രൂപയാണ് വാടകയായി നൽകിയത്. ശമ്പളത്തിനൊപ്പം അമ്മയുടെ പെൻഷൻ തുകയും ഉപയോഗിച്ചാണ് വാടക നൽകിയതെന്നാണ് ചിന്തയുടെ വിശദീകരണം.
കോവിഡ് കാലത്ത് അമ്മയ്ക്ക് പക്ഷാഘാതമുണ്ടായി. നടക്കാൻ പ്രയാസമായിരുന്നു. വീട്ടിൽ അറ്റാച്ച്ഡ് ബാത്ത്റൂം ഉണ്ടായിരുന്നില്ല. അതിനാൽ വീട് പുതുക്കിപ്പണിയേണ്ടി വന്നു. അമ്മയ്ക്ക് ആയുർവേദ ചികിത്സ ആവശ്യമായിരുന്നു. അമ്മയെ ചികിത്സിക്കുന്ന ഡോക്ടർ താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിന്‍റെ താഴെ മുറി എടുക്കുകയായിരുന്നു. പ്രതിമാസ വാടക 20,000 രൂപയായിരുന്നു. കുറച്ച് മാസത്തേക്ക് കൈയിൽ നിന്നും കുറച്ച് മാസത്തേക്ക് അമ്മയുടെ പെൻഷനിൽ നിന്നുമാണ് പണം നൽകിയത്. 20,000 രൂപയാണ് റിസോർട്ട് ഉടമകൾ പറഞ്ഞത്. അതാണ് കൊടുത്ത തുക. മാതാപിതാക്കൾക്ക് പെൻഷൻ ഉണ്ട്. അമ്മയുടെ ചികിത്സയ്ക്കാണ് താൻ പ്രാധാന്യം നൽകിയതെന്നും വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ സങ്കടമുണ്ടെന്നും ചിന്ത കൂട്ടിച്ചേർത്തു.
കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപ്പാർട്ട്മെന്‍റിൽ ചിന്താ ഒന്നര വർഷം താമസിച്ചെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം. പ്രതിദിനം 8500 രൂപയാണ് വാടകയെന്നും 38 ലക്ഷത്തോളം രൂപ ഹോട്ടലിനു നൽകിയെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. യുവജന കമ്മിഷൻ ചെയർപേഴ്സണിനു ഇത്രയധികം പണം എങ്ങനെ ലഭിച്ചുവെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നുമാണ് ആവശ്യം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളമാണ് വിജിലൻസിനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും പരാതി നൽകിയത്.
NEWS 22 TRUTH . EQUALITY . FRATERNITY