ന്യൂഡല്‍ഹി: കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നും നടത്തരുതെന്നും ഡൽഹി ഹൈക്കോടതി. അഭയ കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഡൽഹി ഹൈക്കോടതി വിധിച്ചത്.
ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് കെ ശർമ്മയാണ് വിധി പുറപ്പെടുവിച്ചത്. സി.ബി.ഐയുടെ കന്യകാത്വ പരിശോധനക്കെതിരെ 2009ൽ സമർപ്പിച്ച ഹർജി തീര്‍പ്പാക്കികൊണ്ടാണ് വിധി. ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് കന്യകാത്വ പരിശോധന നടത്താനാവില്ല. ഇരയാണോ പ്രതിയാണോ എന്നത് അത്തരമൊരു പരിശോധന നടത്തുന്നതിന് ന്യായീകരണമല്ലെന്നും കോടതി വിധിച്ചു.
ഇത് പൗരന്‍റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതാണെന്നും അതിനാൽ ഒരു കാരണവശാലും കന്യകാത്വ പരിശോധന നടത്തരുതെന്നും വിധിയിൽ പറയുന്നു. ക്രിമിനൽ കേസിന്‍റെ നടപടികൾ പൂർത്തിയായ ശേഷം സി.ബി.ഐക്കെതിരെ മാനനഷ്ട, മനുഷ്യാവകാശ ലംഘന കേസ് ഫയൽ ചെയ്യാൻ സിസ്റ്റർ സെഫിക്ക് അവകാശമുണ്ടെന്നും ഡൽഹി ഹൈക്കോടതി വിധിച്ചു.