ടെഹ്‌റാന്‍: രാജ്യത്തെ ആദ്യത്തെ ഭൂഗർഭ വ്യോമത്താവളം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച് ഇറാൻ. ലോങ് റേഞ്ച് ക്രൂസ് മിസൈലുകള്‍ ഘടിപ്പിച്ച ഫൈറ്റര്‍ ജെറ്റ് വിമാനങ്ങൾ മുഴുവൻ സമയവും സജ്ജമാക്കി നിര്‍ത്താനുള്ള സൗകര്യം വ്യോമ താവളത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ വ്യോമസേനാംഗങ്ങളും യുഎസ് നിർമിത എഫ് -4 ഇ ഫാന്‍റം 2 ഫൈറ്റര്‍ ബോംബര്‍ വിമാനങ്ങളും ഉൾപ്പെടുന്നു. ‘ഉഘാബ് 44’ എന്നാണ് വ്യോമതാവളത്തിന്‍റെ പേര്. പേർഷ്യൻ പദമായ ‘ഉഘാബ്’ എന്നാൽ ‘കഴുകൻ’ എന്നാണ് അർത്ഥം.
1979 ൽ ഉണ്ടായ വിപ്ലവത്തിനു മുമ്പ് ഇറാൻ വാങ്ങിയ യുദ്ധവിമാനങ്ങളാണ് എഫ് -4 ഇ ഫാന്‍റം 2 ഫൈറ്റര്‍ ബോംബേഴ്‌സ്. ഡ്രോണുകൾ ഒഴികെ എല്ലാത്തരം യുദ്ധവിമാനങ്ങളും ബോംബറുകളും വ്യോമത്താവളത്തില്‍ സൂക്ഷിക്കാം. വ്യോമത്താവളത്തിന്‍റെ സ്ഥാനം സംബന്ധിച്ച സൂചനകളൊന്നും ഇറാൻ പുറത്തുവിട്ടിട്ടില്ല. ഭൂഗർഭ എയർബേസിന്‍റെ സ്ഥാനം മലനിരകള്‍ക്കുള്ളില്‍ നൂറുകണക്കിനു മീറ്റർ ആഴത്തിലാണെന്ന് മാത്രമാണ് ഐആർഎൻഎ സൂചിപ്പിക്കുന്നത്.
ആക്രമണമുണ്ടായാൽ ഏറ്റവും അടുത്തുള്ള ലക്ഷ്യങ്ങളിൽ പഴയ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങൾ ഉപയോഗിക്കാനാണ് ഇറാൻ നിലവിൽ പദ്ധതിയിടുന്നതെന്നും ഭൂഗർഭ വ്യോമതാവളത്തില്‍ സൂക്ഷിച്ചിരിക്കുന്ന ജെറ്റുകളിൽ ദീർഘദൂര ക്രൂസ് മിസൈലുകൾ സജ്ജമായിരിക്കുമെന്നും ഐആർഎൻഎ സൂചിപ്പിക്കുന്നു. ഇസ്രായേൽ ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങളിൽ നിന്ന് ഇറാനെതിരെ ആക്രമണം ഉണ്ടായാൽ ഉഘാബ് 44 ഉൾപ്പെടെയുള്ള വിവിധ വ്യോമത്താവളങ്ങളിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ സായുധ സേനാ മേധാവി ജനറൽ മുഹമ്മദ് ബാഘേരിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.