Breaking News

ക്യാൻസർ രോഗിയായ സഹപ്രവർത്തകന് കൈത്താങ്ങ്; നിരത്തിലിറങ്ങിയത് 17 ബസുകൾ

കുറ്റ്യാടി: സഹപ്രവർത്തകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് കുറ്റ്യാടിയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച നിരത്തിലിറങ്ങിയത്. ടിക്കറ്റിന് പകരം ആ ജീവനക്കാർക്ക് വേണ്ടിയിരുന്നത് കാരുണ്യത്തിന്റെ കൊച്ചുകരുതലാണ്.

ക്യാൻസർ ബാധിതനായ ബസ് ജീവനക്കാരൻ പ്രദീപന്റെ ചികിത്സയിലേക്ക് പണം കണ്ടെത്തുന്നതിനായി ഉള്ളിയേരി, നടുവണ്ണൂർ, പേരാമ്പ്ര, കുറ്റ്യാടി എന്നിവിടങ്ങളിൽ നിന്നുള്ള 17 ബസുകളാണ് പ്രതീക്ഷയുടെ ബെൽ മുഴക്കി യാത്ര ആരംഭിച്ചത്. ഒരു ദിവസത്തെ കളക്ഷൻ സഹപ്രവർത്തകനായി മാറ്റിവെക്കാനായിരുന്നു അവരുടെ തീരുമാനം. 100 ലേറെ ട്രിപ്പുകൾ നടത്തിയും, സ്റ്റാൻഡിൽ പിരിവ് നടത്തിയും അവർ പണം കണ്ടെത്തി.

ഭാര്യയും, 3 കുട്ടികളും, പ്രായമേറിയ അച്ഛനമ്മമാരും അടങ്ങുന്ന കുടുംബം പ്രദീപൻ രോഗബാധിതനായതോടെ പ്രതിസന്ധിയിലായി. കുറ്റ്യാടി- കോഴിക്കോട് റൂട്ടിൽ 15 വർഷത്തോളം ബസ് ഡ്രൈവറായിരുന്ന അദ്ദേഹം ഇപ്പോൾ തിരുവനന്തപുരം ആർ.സി.സി.യിൽ ചികിത്സയിലാണ്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരി കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ബസ് ഓണേഴ്‌സ് ജില്ലാ ജോയിന്റ് സെക്രട്ടറി ബീരാൻ കോയ, മോഹനൻ കൈതേക്കൽ, വാർഡ്‌ അംഗം ബഷീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …